മാനന്തവാടി: തലപ്പുഴയിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിൻ കീഴിൽ. സി.പി.എം പ്രാദേശിക നേതാക്കളായ മൂന്ന് അംഗ കമ്മറ്റിയെയാണ് അഡ്മിനിസ്‌ട്രേറ്റർമാരായി നിയമിച്ചത്. മുൻ പഞ്ചായത്ത് സെക്രട്ടറി എം.ആർ.പ്രഭാകരൻ കൺവീനറും ഡി.വൈ.എഫ്.ഐ. മാനന്തവാടി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.വിപിൻ, സി.പി.എം.വാളാട് ലോക്കൽ കമ്മറ്റി അംഗം ബിന്ദു രാജൻ അംഗങ്ങളുമായ കമ്മറ്റിയെയാണ് സഹകരണ വകുപ്പ് ചുമതലപ്പെടുത്തിയത്.

ആറ് മാസത്തിനകം അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ബാങ്ക് തിരഞ്ഞെടുപ്പിനുള്ള നടപടികൾ സ്വീകരിക്കണം. ഫെബ്രുവരി രണ്ടു വരെയായിരുന്നു നിലവിലെ ബാങ്ക് ഭരണസമിതിയുടെ കാലാവധി. ഡിസംബർ 10 നകം നിലവിലുണ്ടായിരുന്ന ഭരണ സമിതി
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാത്തതിനാൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കിയിരുന്നു.
ജീവനക്കാരന്റെ മരണം ബാങ്ക് ഭരണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു.

അതിനിടെ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ 8 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടുകൾ ബാങ്കിൽ നടന്നതായാണ് സൂചന.
ബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ മരണം ബാങ്കിനെയും സി.പി.എം നെയും പ്രതിരോധത്തിലാക്കിയിരുന്നു. ജീവനക്കാരന്റെ മരണത്തിൽ മറ്റൊരു ജീവനക്കാരനായ സുനീഷ് അറസ്റ്റിലായി റിമാന്റ് ചെയ്തതൊഴിച്ചാൽ മറ്റു ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ല. മുൻ പ്രസിഡന്റ് വാസുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഫെബ്രുവരി 5ന് പരിഗണിക്കും. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന നിർദ്ദേശം കോടതിയിൽ നിന്ന് ഉണ്ടായിട്ടുണ്ട്. സെക്രട്ടറി നസീമയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിന് പുറമെ ബാങ്കിലെ ഒരു മുൻ ജീവനക്കാരനും മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന.