മാനന്തവാടി: ലോക കാൻസർ ദിനാചരണം വിവിധ പരിപാടികളോടെ ആചരിക്കുമ്പോഴും ജില്ലയിലെ സർക്കാർ മേഖലയിലെ ഏക കാൻസർ സെന്ററായ നല്ലൂർനാട് കാൻസർ സെന്ററിലേക്ക് രോഗികൾക്ക് വാഹന സൗകര്യം ഇല്ല. 1996ലാണ് ട്രൈബൽ വകുപ്പ് എടവക ഗ്രാമ പഞ്ചായത്തിലെ പുതിയിടം കുന്നിൽ ആശുപത്രി സ്ഥാപിച്ചത്. 2007 ൽ ആശുപത്രി ആരോഗ്യ വകുപ്പിന് കൈ മാറി.

കാൻസർ ചികിത്സയ്ക്ക് മലബാറിലെ തന്നെ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള ആശുപത്രിയായി ഇത് മാറിയിട്ടുണ്ട്. പ്രതിമാസം 600 ഓളം പേർ ഒ പിയിൽ ചികിത്സ തേടി എത്തുകയും 250 ഓളം കീമോ തെറാപ്പിയും നടക്കുന്നുണ്ട്. ജില്ലയ്ക്ക് പുറത്ത് നിന്നും അയൽ സംസ്ഥാനമായ കർണ്ണാടകയിലെ കുട്ട, ബൈരകുപ്പ എന്നിവിടങ്ങളിൽ നിന്നുമെല്ലാം നിരവധി പേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്. എന്നാൽ ഇവിടേക്ക് എത്തിച്ചേരാൻ ബസ്സ് സർവ്വീസ് ഇല്ലാത്തതാണ് രോഗികളെ വലയ്ക്കുന്നത്. നാലാം മൈലിൽ എത്തുന്നവർ ഓട്ടോയോ, ടാക്സിയോ വിളിച്ച് ആശുപത്രിയിലെത്തേണ്ട സ്ഥിതിയാണ്.

മാനന്തവാടിയിൽ നിന്ന് എടവക വഴി ആശുപത്രിയിലേക്ക് പോകുന്നവരും കല്യാണത്തും പള്ളിക്കൽ ഇറങ്ങി ഓട്ടോ റിക്ഷയെയോ ടാക്സി ജീപ്പുകളെയോ ആശ്രയിക്കണം. ഇത് നിർദ്ധനരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരുമായ രോഗികൾക്ക് വലിയ സാമ്പത്തിക പ്രയാസമുണ്ടാക്കുന്നുണ്ട്.

മുമ്പ് കെ എസ് ആർ ടി സി യും സ്വകാര്യ ബസ്സും സർവ്വീസ് നടത്തിയിരുന്നുവെങ്കിലും റോഡിന്റെ ശോച്യാവസ്ഥ കാരണം സർവ്വീസുകൾ നിർത്തിവെക്കുകയായിരുന്നു. റോഡുകളെല്ലാം നവീകരിച്ചെങ്കിലും സർവ്വീസുകൾ ആരംഭിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

സർജറി ഒഴികെയുള്ള മറ്റെല്ലാ സംവിധാനങ്ങളും ആശുപത്രിയിൽ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കിടത്തി ചികിത്സ ഇനിയും ആരംഭിച്ചിട്ടില്ല. ഇപ്പോൾ ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയെ ജില്ലാ പഞ്ചായത്തിന് വീട്ട് നൽകിയാൽ കുടുതൽ വികസന പ്രവർത്തനങ്ങൾ ആശുപത്രിയിൽ ഏർപ്പെടുത്താൻ കഴിയുമെന്ന അഭിപ്രായവുമുണ്ട്.