കോഴിക്കോട്:ആദായ നികുതി പരിധി ഉയർത്തിയതിൽ അധികം സന്തോഷിക്കാനില്ലെന്ന് പ്രശസ്ത ചാർട്ടേർഡ് അക്കൗണ്ടന്റ് ജി. നവീൻ ഖരിവാൾ (ബംഗളൂരു) പറഞ്ഞു.

മലബാർ ചേംബർ ഒഫ് കൊമേഴ്സും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യയുടെ കോഴിക്കോട് ബ്രാഞ്ചും ചേർന്ന് സംഘടിപ്പിച്ച കേന്ദ്ര - സംസ്ഥാന ബഡ്ജറ്റുകളെകുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുമാന പരിധി 2.5 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയിട്ടുണ്ടെങ്കിലും അഞ്ച് ലക്ഷത്തിൽ നിന്ന് 100 രൂപ വർദ്ധിച്ചാൽ പഴയതിനേക്കാൾ കൂടുതൽ നികുതി നൽകേണ്ടി വരും.100 രൂപ വർദ്ധിച്ചാൽ 13,021 രൂപ നികുതി നൽകണം.ആദായ നികുതി നൽകുന്നില്ലെങ്കിലും 2.5 ലക്ഷം രൂപയിലധികം വാർഷിക വരുമാനമുള്ളവർ എല്ലാ വർഷവും റിട്ടേൺ ഫയൽ ചെയ്യണം.ഫയൽ ചെയ്തില്ലെങ്കിൽ വൻ തുക പിഴയായി നൽകേണ്ടി വരും.

താമസിച്ചുകൊണ്ടിരിക്കുന്ന വീടോ ഫ്ളാറ്റോ വിറ്റ് മറ്റൊരു പാർപ്പിടം വാങ്ങുന്നവർക്കാണ് മറ്റൊരു കുരുക്ക്.ജീവിതത്തിൽ ഒരു തവണ മാത്രമെ അവർക്ക് നികുതി ഇളവ് ലഭിക്കുകയുള്ളു.ഇപ്പോൾ എത്ര തവണ വേണമെങ്കിലും താമസിക്കുന്ന വീട് വിൽക്കാം. ഒരു വർഷത്തിനുള്ളിൽ മറ്റൊരു വീട് വാങ്ങുകയോമൂന്ന് വർഷത്തിനുള്ളിൽ നിർമ്മിക്കുകയോ ചെയ്താൽ മതി.ഇടക്കിടക്ക് സ്ഥലംമാറ്റം ഉണ്ടാകുന്ന ഉദ്യോഗസ്ഥർക്ക് ഇത് വിനയായി മാറും.

കേന്ദ്ര ബഡ്ജറ്റ് ഏറ്റവും പ്രതികൂലമായി ബാധിക്കുക ബിൽഡേഴ്സിനെയാണ്.നിർദ്ദിഷ്ട ഏജൻസിയിൽ നിന്ന് പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഒരു സാമ്പത്തിക വർഷത്തിനുള്ളിൽ മുഴുവൻ ഫ്ളാറ്റുകളും വില്ലകളും വിറ്റ് പോയില്ലെങ്കിൽ ബാക്കിയുള്ളവയ്ക്ക് ഒരു വർഷം ഒരെണ്ണത്തിന് 1.2 ലക്ഷം രൂപ തോതിൽ നികുതി നൽകണം.ആയിരം ഫ്ളാറ്റുകളുള്ള ഒരു പ്രൊജക്ടിൽ 600 ഫ്ളാറ്റുകൾ മാത്രമെ വിറ്റ് പോയിട്ടുള്ളുവെങ്കിലും ബാക്കി 400 എണ്ണത്തിന് വർഷത്തിൽ 4.8 കോടി രൂപ നികുതി നൽകണം.പൊതുവെ മാന്ദ്യം നേരിടുന്ന ഇപ്പോഴത്തെ അവസ്ഥയിൽ ബിൽഡർമാർക്ക് വലിയ ബാദ്ധ്യതയായി മാറും- അദ്ദേഹം പറഞ്ഞു.

കാര്യമായ വിലക്കയറ്റം ഉണ്ടാക്കില്ല

സംസ്ഥാന ബഡ്ജറ്റ്കൊണ്ട് കാര്യമായ വിലക്കയറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ് ആൻഡ് ടാക്സസ് ) മനോജ് ജോഷി പറഞ്ഞു.പ്രളയ സെസ് നടപ്പാക്കാൻ ഇനിയും ഒട്ടേറെ കടമ്പകൾ ഉണ്ട്.

മോട്ടോർ വാഹനത്തിന് കേരളത്തിൽ ഇപ്പോൾ തന്നെ നികുതി കൂടുതലാണ്.കെട്ടിടങ്ങൾക്ക് ആഡംബര നികുതി ചുമത്തുന്നതിൽ അപാകതകൾ ഉള്ളതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഇത് പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.ജി.എസ്.ടി പിരിക്കുന്നതിൽ കേരളം ഇപ്പോഴും പിറകിലാണ്- അദ്ദേഹം പറഞ്ഞു.

മലബാർ ചേംബർ ഒഫ് കൊമേഴ്സ് പ്രസിഡന്റ് എ ശ്യാംസുന്ദർ അദ്ധ്യക്ഷത വഹിച്ചു.നയൻ ജെ ഷ, വി സരള എന്നിവർ സംസാരിച്ചു.വി.പി ശശികുമാർ സ്വാഗതവും കെ.കെ മധു നന്ദിയും പറഞ്ഞു.