കോഴിക്കോട്: നാദാപുരം ,വിലങ്ങാട് മേഖലയിലെ ആദിവാസി കോളനികളിലെ വികസനഫണ്ട് അഴിമതിയെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ പ്രവീൺകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാദാപുരത്തെ വിലങ്ങാട് മേഖലയിലെ പന്നിയേരി, മാടഞ്ചേരി, കുറ്റല്ലൂർ, വായാട് ,തുടങ്ങിയ ആദിവാസി കോളനികളിലും പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തിലെ കോളനികളുടെയും സമഗ്രവികസനത്തിന് യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച പത്തുകോടി ഫണ്ടിലാണ് വൻ ക്രമക്കേട് നടന്നിരിക്കുന്നത്. 2015ൽ ഒപ്പിട്ട കരാർ പ്രകാരം 2017ൽ വികസനം പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ 2019 എത്തിയിട്ടും 30 ശതമാനം പ്രവൃത്തി പോലും കോളനികളിൽ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നത് അഴിമതിയുടെ തെളിവാണെന്ന് മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ചൂണ്ടികാട്ടി.

നാലു വർഷത്തിനിടെ 30ശതമാനം പ്രവൃത്തി പോലും നടത്താതെ എഫ്.ഐ.ടി അനുവദിച്ച ഫണ്ടിൽ നിന്നും അഞ്ചു കോടി പതിനാല് ലക്ഷം രൂപ പിൻവലിച്ച് സബ് കോൺട്രാക്ട് നൽകിയ ഏജൻസിക്ക് നൽകുകയായിരുന്നു. പ്രവൃത്തി പൂർത്തീകരിക്കാതെ ഫണ്ട് അനുവദിച്ചതിലൂടെ തെറ്റുപറ്റിയെന്ന് കളക്ടർ ഉൾപ്പെടെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. ആദിവാസി സമൂഹത്തോടുള്ള ചൂഷണമാണ് ക്രമക്കേടിലൂടെ വ്യക്തമായിരിക്കുന്നത്. പദ്ധതിയുടെ എസ്റ്റിമേറ്റ് മുതലുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ ആദിവാസികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.