കൽപ്പറ്റ: വെങ്ങപ്പള്ളി പഞ്ചായത്തിലെ കരിമ്പാലൻ കോളനിക്കടുത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ക്വാറിക്കും ക്രഷറിനുമെതിരെ കോളനിവാസികൾ. ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി അടച്ചുപൂട്ടിയ ക്വാറി യൂണിറ്റിന് ജനങ്ങളുടെ പ്രതിഷേധം അവഗണിച്ചാണ് ഇപ്പോഴത്തെ പഞ്ചായത്തു ഭരണസമിതി 2018 ജനുവരിയിൽ വീണ്ടും പ്രവർത്തനാനുമതി നൽകിയത്. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് രാത്രി കാലങ്ങളിലും ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ക്വാറിയും ക്രഷറും പ്രദേശവാസികളുടെ സ്വൈര്യ ജീവിതം തകർക്കുകയാണ്.
കടുത്ത അന്തരീക്ഷമലിനീകരണം കോളനിക്കാർക്കിടയിൽ രോഗങ്ങൾക്ക് കാരണമാകുന്നു. ഗ്രാമീണ റോഡുകളിൽ നിരോധിച്ചിട്ടുള്ള കൂറ്റൻ ട്രക്കുകളും ടിപ്പറുകളും നിരന്തരം കരിങ്കൽ ഉല്പന്നങ്ങളുമായി തലങ്ങും വിലങ്ങും പായുന്നത് മൂലം ജനങ്ങൾക്ക് റോഡിൽ കൂടി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. അനിയന്ത്രിത ഖനനം പ്രദേശത്തെ ആവാസ വ്യവസ്ഥയേയും ബാധിച്ചിട്ടുണ്ട്. വേനൽ എത്തും മുൻപേ കിണറുകളിൽ വെള്ളം അസാധാരണമാം വിധം താഴ്ന്നു. കഴിഞ്ഞ മഴക്കാലത്ത് ക്വാറി പരിസരങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. നിരന്തരം പരാതിപ്പെട്ടിട്ടും ജില്ലാ ഭരണകൂടമോ പഞ്ചായത്തോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്ന് കോളനിവസികൾ പറയുന്നു. ക്വാറിയിലെ സ്‌ഫോടനങ്ങൾ മൂലം വീടുകൾ കുലുങ്ങുകയും വിള്ളലുകൾ ഉണ്ടാകുകയും ചെയ്യുന്നു.
പ്രളയത്തിന് ശേഷം ജില്ലയിൽ തുറന്ന ആറ് ക്വാറികളിൽ മൂന്നും എല്ലാ വാർഡുകളിലും മണ്ണിടിച്ചിൽ ഉണ്ടായ വെങ്ങപ്പള്ളി പഞ്ചായത്തിലാണ്. അഞ്ചാം വാർഡിൽ രണ്ടു ക്വാറി ക്രഷർ യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. കാലങ്ങളായി നടക്കുന്ന അനിയന്ത്രിത ഖനനം ഇനിയും തുടരാൻ അനുവദിക്കില്ല. ജനങ്ങളുടെ നിരന്തര പരാതികൾക്ക് യാതൊരു പരിഹാരവും ഉണ്ടാകാത്ത സാഹചര്യത്തിൽ കാരിമ്പാലൻ സമുദായ ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇന്ന് രാവിലെ 9 മണിമുതൽ ക്വാറി/ ക്രഷർ യൂണിറ്റുകളിൽ നിന്നുള്ള വണ്ടികൾ പൊന്നടയിൽ തടയും.