മാനന്തവാടി: ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോൺഗ്രസ് നേതാവ് ഒ.എം.ജോർജ് ഒളിവിൽ കഴിഞ്ഞത് കർണ്ണാടകയിൽ. പീഡനവിവരം പുറത്തറിഞ്ഞതോടെ ബത്തേരിയിൽ നിന്ന് കെ.എസ്.ആർ.ടി.സി.ബസ്സിൽ ഗുണ്ടൽപേട്ടയിൽ എത്തി. പിന്നീട് ശ്രീമംഗലത്ത് എത്തി. ആധാർ കാർഡും മറ്റ് രേഖകളും ഇല്ലാത്തതിനാൽ നഗരങ്ങളിലെ ലോഡ്ജിൽ താമസിക്കാനായില്ല. അതിനാൽ ഗ്രാമപ്രദേശത്തെ ലോഡ്ജിൽ താമസിക്കുകയായിരുന്നു. അവിടെ നിന്ന് ബംഗലൂരുവിലും പിന്നീട് മൈസൂരിലുമെത്തി. ലോഡ്ജ് ലഭിക്കാത്തതിനാൽ ബസ്സ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങി. തിങ്കളാഴ്ച മൈസൂരിൽ നിന്ന് ലോറിയിൽ ബത്തേരിയിൽ വന്ന് സഹോദരന്റെ വീട്ടിൽ എത്തുകയും അവിടെ നിന്നും ചൊവ്വാഴ്ച രാവിലെ 10 മണിയോടെ മാനന്തവാടി എസ്.എം.എസ്, ഡിവൈ.എസ്.പി.ഓഫീസിൽ കീഴടങ്ങുകയുമായിരുന്നെന്ന് ഡി.വൈ.എസ്.പി. കുബേരൻ നമ്പൂതിരി പറഞ്ഞു.
ഒളിവിൽ കഴിയാൻ ആരെങ്കിലും സഹായിച്ചോ എന്നത് പരിശോധിക്കുമെന്നും അത്തരത്തിൽ ആരെങ്കിലും സഹായിച്ചിട്ടുണ്ടങ്കിൽ നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി.പറഞ്ഞു.
ജനുവരി 29ന് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ജോർജ്ജ് സംഭവത്തെ തുടർന്ന് ഒളിവിലായിരുന്നു.
തനിക്കിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്ന് മനസ്സിലാക്കിയ അന്ന് രാത്രിതന്നെ ജോർജ്ജ് സുൽത്താൻ ബത്തേരിയിൽ നിന്ന് കെഎസ്ആർടിസി ബസ്സിൽ ഗുണ്ടേൽപേട്ട് എത്തുകയായിരുന്നു. പിറ്റേ ദിവസം ബംഗളൂരുവിലെത്തിയ ജോർജ്ജിന് ഐഡി കാർഡില്ലാത്തതിനാൽ അവിടെയും താമസ സൗകര്യം ലഭിച്ചില്ല.ഇതിനെ തുടർന്ന് ബസ് സ്റ്റാന്റിലും റെയിൽവേ സ്‌റ്റേഷനിലുമായി കഴിഞ്ഞു.
ജോർജ്ജിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ ഇയ്യാൾ കുട്ടിയുമായി പതിനഞ്ച് മിനിട്ടോളം അശ്ലീല സംഭാഷണം നടത്തുന്നതായി വ്യക്തമായിട്ടുണ്ട്. അഛനും അമ്മയ്ക്കുമൊപ്പം അവധി ദിവസങ്ങളിൽ ജോർജിന്റെ തോട്ടത്തിൽ ജോലിക്ക് വന്നിരുന്ന പെൺകുട്ടിയെ മാതാപിതാക്കൾ ഒപ്പമില്ലാതിരുന്ന സമയത്താണ് ജോർജ് പീഡിപ്പിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡനം തുടരുകയായിരുന്നു.