മേപ്പാടി: കിടപ്പിലായ കുട്ടികൾക്ക് കൂട്ടായി ചങ്ങാതിക്കൂട്ടം ഇനി വീടുകളിൽ എത്തും. കിടപ്പിലായ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യമാക്കി സമഗ്ര ശിക്ഷാ കേരളയാണ് ചങ്ങാതി കൂട്ടമെന്ന പേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെയും അദ്ധ്യാപകരുടെയും നിരന്തരമായ സംമ്പർക്കത്തിലൂടെ കിടപ്പിലായ കുട്ടികളുടെ രോഗാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയും.

ജില്ലയിൽ 210 കുട്ടികൾ ഭിന്നശേഷിക്കാരായി വീടുകളിൽ കഴിയുന്നുണ്ട്. കിടപ്പിലുള്ള കുട്ടിയുടെ അടുത്തുള്ള സ്‌കൂൾ കുട്ടിയെ ദത്തെടുക്കും.

പദ്ധതിയുടെ ജില്ലാതല ട്രൈ ഔട്ട് മേപ്പാടി കുന്നമ്പറ്റയിൽ നടന്നു. മുഹമ്മദ് അഫ്‌ലഹ് എന്ന കുട്ടിയെ കോട്ടനാട് ഗവ: യു പി സ്‌കൂൾ ഏറ്റെടുത്തു കൊണ്ട് പദ്ധതിക്ക് തുടക്കമായി. ആഴ്ച്ചയിൽ നിശ്ചിത ദിവസം ചങ്ങാതിക്കൂട്ടം വീടുകളിൽ എത്തും. കുട്ടിയുമായി കളി ചിരികളിൽ ഏർപ്പെടുന്നത് കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയ്ക്ക് സഹായിക്കുമെന്ന് ഐ.ഇ.ഡി.സി പ്രോഗ്രാം ഓഫീസർ പ്രമോദ് പറഞ്ഞു.

ജില്ലയിലെ എല്ലാ പൊതുവിദ്യാലയങ്ങൾക്കു കീഴിലും ചങ്ങാതിക്കൂട്ടം രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സമഗ്ര ശിക്ഷ കേരളം. വാർഡ് മെമ്പർ പ്രതീജ പ്രദീപ് ഉദ്ഘാടനം ചെയ്തു. എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസർ ബാബുരാജ്,വൈത്തിരി ബിപിഒ ഷിബു, പി ടി എ പ്രസിഡന്റ് ഇല്ല്യാസ്,പ്രധാന അദ്ധ്യാപിക ടി.ടി ശോഭന, എസ് എം സി ചെയർമാൻ സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.