സുൽത്താൻ ബത്തേരി: പണി പൂർത്തിയായിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും ചേകാടി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. കബനിക്ക് കുറുകെ പാലം എന്ന സ്വപ്നം യാഥാർത്ഥ്യമായിട്ടും അതിന്റെ അപ്രോച്ച് റോഡിന്റെ പണികൾ തീരാത്തതുകൊണ്ടാണ് കോടികൾ മുടക്കി പണി കഴിപ്പിച്ച പാലം ഇനിയും തുറന്നുകൊടുക്കാത്തത്.

ആനയെ വാങ്ങിയിട്ട് തോട്ടി വാങ്ങാൻ പണമില്ലെന്ന് പറയുന്ന ന്യായവാദമാണ് ഇവിടെ.

അച്ചുതാനന്ദൻ മന്ത്രി സഭയുടെ കാലത്ത് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിന്നാക്ക മേഖലാ വികസന നിധിയിൽ നിന്ന് ഏഴ് കോടി രൂപ നീക്കിവെച്ച് കൺസ്ട്രക്‌ഷൻ കോർപ്പറേഷനാണ് ഇതിന്റെ പണി നടത്തിയത്. മന്ത്രി തോമസ് ഐസക്ക് ശിലാസ്ഥാപനം നടത്തിയെങ്കിലും പണി പൂർത്തിയാക്കിയത് കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്താണ്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാലം ഉദ്ഘാടനം ചെയ്യാൻ ഗവൺമെന്റ് ഒരുങ്ങിയപ്പോൾ അപ്രോച്ച് റോഡിന്റെ പണികഴിയാതെ ഉദ്ഘാടനത്തിന് അനുവദിക്കില്ലെന്ന വാദവുമായി എൽ.ഡി.എഫ് രംഗത്ത് വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പാലം തുറന്നുകൊടുക്കാൻ തയ്യാറാകാത്തത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

തിരുനെല്ലി - പുൽപ്പളളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് നിലവിൽ വന്ന ഈ പാലം വഴി ബാവലി ചെക്ക് പോസ്റ്റിലേക്ക് എളുപ്പത്തിൽ എത്താം. വയനാടിനെ വളരെ വേഗം കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന പുതിയൊരു അന്തർ സംസ്ഥാന പാതയായി വികസിക്കാൻ സാധ്യതയുളള പാലമാണ് അവഗണിക്കപ്പെടുന്നത്.