കൽപ്പറ്റ: പ്ലസ് വൺ വിദ്യാർത്ഥി വൈഷ്ണവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ ആവശ്യപ്പെട്ടു.
മാനന്തവാടി പാലിയാണയിൽ ചെമ്പൂക്കണ്ടി വിനോദ് - സവിത ദമ്പതികളുടെ മകൻ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്ന വൈഷ്ണവ് ഡിസംബർ 10ന് വീട്ടിലെ കിടപ്പുമുറിയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. രണ്ട് ദിവസം മുമ്പ് താൻ ഇവരുടെ വീട്ടിൽ പോയിരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു. സ്‌കൂളിലെ അദ്ധ്യാപകന്റെ മാനസികവും ശാരീരികവുമായ പീഡനം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വൈഷ്ണവ് നോട്ടുബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, ഈ കേസിൽ ഊർജ്ജിതമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുട്ടിയുടെ പിതാവ് പരാതിപ്പെട്ടത്. സർവ്വകക്ഷി ആക്ഷൻ കൗൺസിലും തനിക്ക് പരാതി നൽകുകയുണ്ടായി. പൊലീസിന്റെ അലംഭാവംമൂലം കുറ്റാരോപിതനായ അദ്ധ്യാപകന് മുൻകൂർ ജാമ്യം ലഭിച്ചു. കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമം നടക്കുകയാണ്. എന്ത് കാരണത്താലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് രക്ഷാകർത്താക്കൾക്ക് ബോദ്ധ്യപ്പെടേണ്ടതുണ്ട്. അതിനായി കുറ്റമറ്റ അന്വേഷണം നടക്കണം. കുറ്റവാളിയെ നിയമത്തിനുമുമ്പിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
കേസിൽ ഊർജ്ജിതമായ അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ഒരു പ്രത്യേക ടീമീനെ നിയമിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ മുറുപടി നൽകി.