കൽപ്പറ്റ: മഹാപ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി സൗജന്യ കുടുംബശ്രീ. എറൈസ് എന്ന പേരിൽ ജില്ലയിൽ 2500 പേർക്ക് 10 തൊഴിൽ മേഖലകളിലായി സൗജന്യ വൈദഗ്ധ്യ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

കുടുംബശ്രീ നടത്തിയ സർവേയിൽ കണ്ടെത്തിയ ഏറ്റവും സാധ്യതയുള്ള സേവന മേഖലകളിലാണ് പരിശീലനം. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് റിപ്പയറിംഗ്,പ്ലംബിംഗ്, ഡാറ്റ എൻട്രി, ഹൗസ് കീപ്പിംഗ്, ഹൗസ് മെയ്ഡ്, ലോൺട്രി & അയണിംഗ്, ഡേ കെയർ, അഗ്രികൾച്ചർ വർക്സ്, സെയിൽസ് എന്നീ വിഭാഗങ്ങളിലാണ് ഹ്രസ്വകാല പരിശീലനം ഒരുക്കുന്നത്.

പ്രളയത്തെ തുടർന്നുണ്ടായ തൊഴിൽനഷ്ടം നികത്തുക, സ്ഥിരവരുമാനം ഉറപ്പാക്കുക, സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മാർച്ച് 31 ന് പരിശീലനം പൂർത്തിയാകും. ഏപ്രിൽ മുതൽ ഇവരുൾപ്പെടുന്ന തൊഴിൽ സേനയെ സജ്ജമാക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീയുടെ അംഗീകൃത പരിശീലന ഏജൻസികൾ. പ്രഗൽഭരായ സംരംഭകർ. സൂക്ഷ്മ സംരംഭ കൺസൾട്ടന്റുമാർ എന്നിവരാണ് പരിശീലനം നൽകുന്നത്. 5 മുതൽ 21 ദിവസം വരെ കോഴ്സുകൾക്ക് അനുസരിച്ച് പരിശീലന ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന ഒരു ബാച്ച് കൂടുതൽ അപേക്ഷകരുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പരിശീലനം സംഘടിപ്പിക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്.

നിലവിൽ സംരംഭം നടത്തുന്നവർക്കും താൽപര്യമുള്ള മറ്റു മേഖലകളിൽ പരിശീലനം നേടാൻ അവസരം ലഭിക്കും.
യന്ത്രവൽകൃത തെങ്ങുകയറ്റ പരിശീലനം, വാഷിംഗ് മെഷീൻ, മിക്സി, ഓവൻ, ഫ്രിഡ്ജ് തുടങ്ങിയ ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ടൂറിസം മേഖലയിൽ ഏറെ സാധ്യതകളുള്ള ഹൗസ് കീപ്പിങ്, അടുക്കളത്തോട്ടം നിർമ്മാണം, ഉൽപ്പന്നങ്ങളുടെ വിപണനം, കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ഡേ കെയർ സെന്ററുകൾ എന്നിവയിലെല്ലാം പരിശീലനത്തിനായി നിരവധിയാളുകൾ ജില്ലാ മിഷനുമായി ബന്ധപ്പെടുന്നുണ്ട്. കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും പരിശീലനത്തിന് അവസരം ലഭിക്കും. തൊഴിൽമേഖലയിലെ പരിശീലന ദിവസങ്ങൾ:
ഇലക്ട്രിക്കൽ 15
പ്ലംബിംഗ് 15
ഹൗസ് കീപ്പിംഗ് 15
ലോൺട്രി & അയണിംഗ് 5
അഗ്രികൾച്ചർ വർക്സ്, 3
ഇലക്ട്രോണിക്സ് റിപ്പയറിംഗ് 10
ഡാറ്റ എൻട്രി 21
ഹൗസ് മെയ്ഡ് 5
ഡേ കെയർ 7
സെയിൽസ് 5

പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സിഡിഎസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04936206589, 9539234182, 9961568934.

ആയിരത്തിലധികം പേർ എറൈസ് പദ്ധതിപ്രകാരം പരിശീലനത്തിനായി സിഡിഎസുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പല മേഖലകളിലും പരിശീലനം തുടങ്ങിക്കഴിഞ്ഞു.

പി. സാജിത

ജില്ലാ മിഷൻ കോർഡിനേറ്റർ