കൽപ്പറ്റ: കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ ഒരു കുടക്കീഴിൽ. ഗുണമേന്മയുള്ള കുടുംബശ്രീ ഉത്പന്നങ്ങളെല്ലാം ഒന്നിച്ചൊരുക്കി കുടുംബശ്രീ ബസാർ പ്രവർത്തനമാരംഭിക്കുന്നു.

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് കമ്പളക്കാട് നിർമ്മിച്ച വിപണനകേന്ദ്രത്തിലാണ് കുടുംബശ്രീ ബസാർ ഒരുങ്ങുന്നത്. പദ്ധതി റവന്യൂ വകുപ്പ് മന്ത്രി. ഇ.കെ ചന്ദ്രശേഖരൻ നാളെ ഉദ്ഘാടനം ചെയ്യും
സംരംഭകർ നിർമിക്കുന്ന വീട്ടാവശ്യത്തിനുള്ള മുഴുവൻ വസ്തുക്കളും ബസാറിൽ ഒരുക്കിയിട്ടുണ്ട്. ഇളനീർ അച്ചാർ,ചേന അച്ചാർ, വാഴക്കാമ്പ് അച്ചാർ എന്നിങ്ങനെ പലതരം അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, വിവിധ നാടൻ പലഹാരങ്ങൾ, ഗന്ധകശാല ഉൾപ്പെടെയുള്ള ധാന്യ വിളകൾ, കൊണ്ടാട്ടങ്ങൾ, നാടൻ കറി പൗഡറുകൾ, ചക്ക ഉത്പന്നങ്ങൾ, മുള ഉത്പന്നങ്ങൾ, മാനിപ്പുല്ല് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ, ആയുർവ്വേദ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ബസാറിൽ ലഭ്യമാകും.
വിശാലമായ പാർക്കിങ് സൗകര്യത്തോടെയാണ് കമ്പളക്കാട് ടൗണിൽ കുടുംബശ്രീ ബസാർ പ്രവർത്തനമാരംഭിക്കുന്നത്.
ബസാറിന്റെ ചുമതല ജില്ലാ മിഷന്റെ കീഴിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന സംരംഭക കൺസോർഷ്യത്തിനും, ഉദ്യോഗസ്ഥ സംരംഭക സംയുക്ത സമിതിക്കും ആയിരിക്കും.