പുൽപള്ളി: വരൾച്ചയെ പ്രതിരോധിക്കുന്നതിന് പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ മൈനർ ഇറിഗേഷൻ വിഭാഗം ആസൂത്രണം ചെയ്ത ചെറുകിട ജലസേചന പദ്ധതികൾക്കെതിരെ അധികൃതർ. കടമാൻതോട് പദ്ധതിയുടെ പേരിലാണ് പദ്ധതികൾ ഇല്ലാതാക്കാൻ നീക്കം. രണ്ടുവർഷം മുമ്പ് ആസൂത്രണം ചെയ്ത് ഈ സാമ്പത്തിക വർഷം അവസാനത്തോടെ പൂർത്തീകരിക്കാനിരുന്ന മൂന്നര കോടിയോളം രൂപയുടെ ചെറുകിട ജല പദ്ധതികൾ വേണ്ടെന്നാണ് ബന്ധപ്പെട്ട ജലസേചന അധികൃതരുടെ തീരുമാനം.

മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്‌ കോൺവെന്റ് പരിസരത്തും തട്ടാൻപറമ്പിൽ കടവിലും പുൽപള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കുളത്തൂർ കുടിയിലും താഴെ കുളത്തൂരിലും മാങ്ങാക്കണ്ടിയിലും തോടുകൾക്ക് കുറുകെ നിർമ്മിക്കാനിരുന്ന പദ്ധതികളാണ് നിർത്തിവക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ പദ്ധതികൾ യാഥാർത്ഥ്യമായാൽ നാനൂറ് ഏക്കറോളം സ്ഥലത്ത് ജലസേചനം നടത്താൻ സാധിക്കും. പദ്ധതി പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കാനിരിക്കെയാണ് ആസൂത്രണം ചെയ്ത പദ്ധതിക്കെതിരെ അധികൃതർ രംഗത്തുവന്നത്. ജലസേചന വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ജലസേചന പദ്ധതിക്ക് വിലങ്ങുതടിയായി നിൽക്കുന്നത്.
കടമാൻതോട് പദ്ധതി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത സാഹചര്യത്തിൽ ഇത്തരം ഒരു പദ്ധതിവേണ്ടെന്ന നിലപാടിലാണ് അധികൃതർ. കടമാൻതോട് പദ്ധതിയുടെ യാതൊരു പ്രവർത്തനവും ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഈ പദ്ധതിക്കെതിരെ ജനരോഷവും ഉയർന്നിട്ടുണ്ട്. പദ്ധതിയുടെ ഉയരം കുറച്ചും മറ്റും മുന്നോട്ടുപോകാനാണ് ബന്ധപ്പെട്ടവരുടെ ആലോചന. പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാൻ വർഷങ്ങൾ എടുക്കും. ഇതിനിടയിലാണ് ചെറുകിട പദ്ധതികൾക്കെതിരെ അധികൃതർ രംഗത്ത് വന്നിരിക്കുന്നത്.

വരൾച്ചയിലേക്ക് നീങ്ങുന്നു

പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ വേനൽ തുടങ്ങിയതോടെ കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്. മുൻ വർഷങ്ങളിൽ വരൾച്ചയാൽ കോടികളുടെ നാശമാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ കർഷകർ ചെറുകിട പദ്ധതികളാണ് ആവശ്യപ്പെടുന്നത്.

ചരമം.
പുൽപള്ളി - ചെറ്റപ്പാലം ഉദയക്കവല പഞ്ചരവള്ളിൽജോൺ (80) നിര്യാതനായി. ഭാര്യ പരേതയായ അന്നക്കുട്ടി. മക്കൾ കുര്യാക്കോസ്, മിനി, മരുമക്കൾ ജെയ്സി,ജോയി.
സംസ്‌ക്കാരം ഇന്ന് കുറിച്ചിപ്പറ്റ ബ്രദറിൻ പെന്തക്കോസ്ത് സെമിത്തേരിയിൽ.