കൽപറ്റ: തോട്ടം തൊഴിലാളികളുടെ വേതന കരാർ ചർച്ച മാനേജ്‌മെന്റിന്റെ പിടിവാശിയിൽ നീണ്ടുപോകുന്ന സാഹചര്യത്തിൽ പണിമുടക്ക് അടക്കമുളള പ്രക്ഷോഭങ്ങൾക്ക് തയ്യാറാകുമെന്ന് വയനാട് തോട്ടം തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 20ന് തോട്ടങ്ങളിൽ സൂചനാ പണിമുടക്ക് നടത്താനാണ് സംയുക്ത ട്രേഡ് യൂണിയൻ തീരുമാനം.
കഴിഞ്ഞ ഡിസംബറിൽ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗത്തിലും തീരുമാനമാകാത്തതിനെ തുടർന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പ്രശ്‌നം 2019 ജനുവരിക്ക് മുമ്പ് പരിഹരിക്കണമെന്ന് നിർദേശം നൽകിയിരുന്നു.
2017 ഡിസംബറിൽ തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞതാണ്.ഒരു വർഷം പിന്നിട്ടിട്ടും ശമ്പളം പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. മിനിമംവേതനം 600 രൂപയാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ നിലവിലെ വേതനത്തിൽ 30 രൂപയുടെ വർധനവ് വരുത്താമെന്ന നിലപാടിലാണ് തോട്ടം മാനേജ്‌മെന്റുകൾ. നേരത്തെ അധ്വാനഭാരം വർധിപ്പിച്ചാൽ അഞ്ചു രൂപ വർധിപ്പിക്കാമെന്നായിരുന്ന മാനേജ്‌മെന്റ് നിലപാടെങ്കിലും പിന്നീടത് മയപ്പെടുത്തിയാണ് 30 രൂപയിലെത്തിയത്. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി പ്ലാന്റേഷൻ ടാക്‌സിൽ നിന്നും കാർഷികാദായ നികുതിയിൽ നിന്നും തോട്ടംമേഖലയെ സർക്കാർ ഒഴിവാക്കിയിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളുടെ കെട്ടിട നികുതിയും ഒഴിവാക്കിയിരുന്നു. മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടികൾ. തോട്ടം ഉടമകൾക്ക് അനുകൂലമായ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിലും തൊഴിലാളികളുടെ വേതനം വർധിപ്പിക്കുന്ന കാര്യത്തിൽ ഉടമകൾ പിടിവാശി തുടരുകയാണ്.ഫെബ്രുവരി 12ന് നടക്കുന്ന പി എൽ സിയോഗത്തിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ തൊഴിലാളികൾ അനിശ്ചിത കാല സമരത്തിന് നിർബന്ധിതരാകുമെന്നും കേരള പ്ലാന്റേഷൻ വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ മൂർത്തി, വയനാട് തോട്ടം തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ വൈസ് പ്രസിഡന്റ് എ ബാലചന്ദ്രൻ എന്നിവർ പറഞ്ഞു.