കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. ഇന്നലെ നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷീജ ആന്റണി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മാസം പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ സി പി എമ്മിലെ റീന സുനിൽ പുറത്തായതിനെ തുടർന്നാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.
ഷീജ ആന്റണിക്ക് ആറും എൽ ഡി എഫ് സ്ഥാനാർത്ഥി റീന സുനിലിന് അഞ്ചും വോട്ടുകൾ ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
13 അംഗ ഭരണ സമിതിയിൽ കോൺഗ്രസ് 4, മുസ്ലിം ലീഗ് 2 അടക്കം യു.ഡി.എഫിന് ആറും, സി.പി.എം 4, സി.പി.ഐ 1 അടക്കം എൽ.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് രണ്ടും അംഗങ്ങളാണുള്ളത്.
തരിയോട് മുത്തങ്ങപറമ്പിൽ ആന്റണിയുടെ ഭാര്യയാണ് ഷീജ. 2013-15 വർഷത്തിൽ തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു ഷീജ.
ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ.വി സന്തോഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇടത് പക്ഷ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തില്ല. ആദിവാസി വിഭാഗത്തിലെ പണിയ സമുദായാംഗമാണ് സന്തോഷ്. ചെന്നലോട് കൂലോട്ട്കുന്ന് കോളനിയിലെ മണി, ചീരു ദമ്പതികളുടെ മകനാണ്.