മാനന്തവാടി: തൊഴിൽ പരിശീലന രംഗത്ത് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള വയനാട് ജില്ലയിൽ പുതിയ ഐ.ടി.ഐകൾ അനുവദിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചു. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ട പഞ്ചായത്തിലാണ് പുതിയ ഐ.ടി.ഐ വരിക.

ഐ.ടി.ഐ സ്ഥാപിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ട്രേഡുകളാണ് ഉണ്ടാകുക. ആറ് തസ്തികകളും ഇവിടെ സൃഷ്ടിക്കും.
സംസ്ഥാനത്താകെ നൂറോളം സർക്കാർ ഐ.ടി.ഐകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വയനാട് ജില്ലയിൽ വെറും രണ്ട് ഐ.ടി.ഐകൾ മാത്രമാണ് നിലവിലുണ്ടായിരുന്നത്. 1982 ൽ നായനാർ സർക്കാർ അനുവദിച്ച കൽപ്പറ്റ കൃഷ്ണമോഹൻ സ്മാരക ഗവ.ഐ.ടി.ഐ, 2008 ൽ വി.എസ് അച്യുതാനന്ദൻ സർക്കാർ അനുവദിച്ച നെൻമേനി ഗവ. വനിതാ ഐ.ടി.ഐ എന്നിവയാണ് നിലവിൽ ജില്ലയിൽ പ്രവർത്തിക്കുന്നത്.

കൽപ്പറ്റ ഐ.ടി.ഐയിൽ 231 പേർക്കും, നെൻമേനി വനിതാ ഐ.ടി.ഐയിൽ 63 പേർക്കുമാണ് ഓരോ വർഷവും പ്രവേശനം ലഭിക്കുന്നത്.

വെള്ളമുണ്ടയിൽ പുതിയ ഐ.ടി.ഐ സ്ഥാപിക്കുന്നതോടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്ക് അനുഗ്രഹമാവും. എം.എൽ.എ ഒ ആർ കേളുവിന്റെ ഇടപെടലിനെ തുടർന്നാണ് ഐ.ടി.ഐ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചത്. നാട്ടുകാർ കണ്ടെത്തിയ സ്ഥലം ഐ.ടി.ഐ സ്ഥാപിക്കുന്നതിന് വിട്ടുനൽകും.

താത്ക്കാലിക കെട്ടിടത്തിൽ ഉടൻ അദ്ധ്യയനമാരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഒ.ആർ കേളു എം.എൽ.എ പറഞ്ഞു.