പയ്യോളി: വൃക്കരോഗിയുടെ തൊഴിൽ മുടക്കുകയും വീടൊഴിപ്പിക്കുകയും ചെയ്ത പയ്യോളി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടിയെക്കുറിച്ച് പരാതിപ്പെടാൻ എത്തിയ പാലിയേറ്റീവ് വളണ്ടിയർമാരെ കള്ളക്കേസിൽ കുടുക്കിയ നഗരസഭ സെക്രട്ടറിയുടെ നടപടിയിൽ ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രതിഷേധിച്ചു. നഗരസഭയിലെത്തിയ പാലിയേറ്റീവ് പ്രവർത്തകരെ അധിക്ഷേപിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തത് പൊതുസമൂഹത്തിൽ നിന്നും വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ് അതിന് മറയായാണ് ഹെൽത്ത് ഇൻസ്പെക്ടർ വ്യാജ പരാതി നൽകിയതെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ ആരോപിച്ചു.

പയ്യോളി മുൻസിപ്പാലിറ്റിയിലെ അയനിക്കാട് ആവിത്തമ്മേൽ താമസിക്കുന്ന വൃക്കരോഗിയായ രാജേന്ദ്രൻ മധുര പലഹാരം നിർമ്മിച്ച് വിൽപന നടത്തിയാണ് രണ്ടു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പുലർത്തുന്നത്. ഇദ്ദേഹത്തിന്റെ ഉപജീവനമാർഗമായ പലഹാര നിർമാണം നിറുത്തിവയ്പിക്കുകയും ഇവരെ വാടക വീട്ടിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർ കെ.ഇ ജീവൻരാജിന്റെ ഹീനമായ നടപടിയെക്കുറിച്ച് അന്വേഷിച്ചതാണ് കള്ളക്കേസിൽ കുടുക്കാൻ കാരണമെന്നും ശാന്തി പ്രവർത്തകർ ആരോപിച്ചു.

വാർത്താ സമ്മേളനത്തിൽ കെ.രാമദാസൻ, എ.രവീന്ദ്രൻ, ആർ കെ സതീഷ്, രാജൻ ചേലക്കൽ, മജീദ് പാലത്തിൽ എന്നിവർ പങ്കെടുത്തു.