പൊഴുതന: ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പ്രളയദുരിതത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി റോട്ടറി ഇന്റർനാഷണലുമായി ചേർന്ന് നിർമ്മിക്കുന്ന ആസ്റ്റർ-റോട്ടറി ഹോംസ് പദ്ധതിയിലെ വയനാട്ടിലെ ആദ്യത്തെ രണ്ട് വീടുകൾക്ക് തറക്കല്ലിട്ടു.
കേരളത്തിൽ നിർമ്മിക്കുന്ന 75 വീടുകളിലെ ആദ്യ വീടുകളാണ് വയനാട്ടിലേത്. പൊഴുതന സ്വദേശികളായ ഇന്ദിര, രജിത എന്നിവർക്കാണ് വീടുകൾ നൽകുന്നത്. ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും റോട്ടറി ഇന്റർനാഷണലിന്റെയും നേതൃത്വത്തിലാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വീടുകൾ നിർമ്മിക്കുന്നത്.
പ്രകൃതിദുരന്തം നേരിടേണ്ടി വന്നവർക്ക് വീടുകൾ നല്കാനാണ് ശ്രമിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിൽ ഡോ. ആസാദ് മൂപ്പൻ രണ്ടര കോടി രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേയ്ക്ക് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ദുരിതാശ്വാസത്തിനായി നീക്കിവച്ചതിൽ ബാക്കിയുള്ള 12.5 കോടി രൂപയാണ് പുതിയ വീടുകൾ നിർമ്മിക്കുന്നതിനായി ചെലവഴിക്കുന്നത്.

പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ സി ഭാസ്‌ക്കർ, മെഡിക്കൽ കോളേജ് ഡീൻ പ്രൊഫ. ആന്റണി സിൽവൻ ഡിസൂസ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. ഇ.കെ ഉമ്മർ, റോട്ടറി കോർഡിനേറ്റർ ഡോ. ഇ.കെ സഹദേവൻ, ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം സയ്യിദ്, ഡോ. ഷാനവാസ് പള്ളിയാൽ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു. സൂപ്പി കല്ലങ്കോടൻ സ്വാഗതവും ഡോ. ജയ്‌കിഷൻ കെ.പി നന്ദിയും പറഞ്ഞു.

..........

ആസ്റ്റർ റോട്ടറി ഹോംസിന്റെ കീഴിൽ പൊഴുതനയിൽ നിർമ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി പ്രസാദും റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ സി ഭാസ്‌ക്കറും ചേർന്ന് നിർവ്വഹിക്കുന്നു.