കമ്പളക്കാട്: കുടുംബശ്രീ ഉത്പന്നങ്ങൾക്ക് സ്ഥിര വിപണി ഒരുക്കാൻ കുടുംബശ്രീ ബസാർ പ്രവർത്തനമാരംഭിച്ചു. സംസ്ഥാനത്താദ്യമായി വയനാട് ജില്ലയിൽ ആരംഭിച്ച ബസാറിൽ വിവിധ തരം അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, വിവിധ നാടൻ പലഹാരങ്ങൾ, ഗന്ധകശാല ഉൾപ്പെടെയുള്ള ധാന്യ വിളകൾ, കൊണ്ടാട്ടങ്ങൾ, നാടൻ കറി പൗഡറുകൾ, ചക്ക ഉത്പന്നങ്ങൾ, മുള ഉത്പന്നങ്ങൾ, മാനിപ്പുല്ല് ഉപയോഗിച്ച് കരകൗശല വസ്തുക്കൾ, ആയുർവ്വേദ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ലഭ്യമാകും. കമ്പളക്കാട് ടൗണിൽ തുറന്ന ബസാറിൽ വിശാലമായ പാർക്കിങ് സൗകര്യവുമുണ്ട്.
ജില്ലയിലെ അഞ്ഞൂറിൽപരം സംരംഭക കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ സാമ്പത്തിക വർഷം 40 ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ കുടുംബശ്രീ ബസാറിന് വേണ്ടി മാറ്റിവെച്ചിട്ടുള്ളത്.

ബസാറിന്റെ ചുമതല ജില്ലാ മിഷന്റെ കീഴിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന സംരംഭക കൺസോർഷ്യത്തിനും, ഉദ്യോഗസ്ഥ സംരംഭക സംയുക്ത സമിതിക്കും ആണ്.

കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റ ഉടമസ്ഥതയിൽ കമ്പളക്കാട് നിർമ്മിച്ച വിപണന കേന്ദ്രത്തിൽ ആരംഭിച്ച കുടുംബശ്രീ ബസാർ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി.കെ.ശശീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ കെട്ടിടോദ്ഘാടനവും, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞായിഷ ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനവും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. നാസർ ജൈവിക നഴ്സറി ഉദ്ഘാടനവും നിർവ്വഹിച്ചു. വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത പദ്ധതി വിശദീകരിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.രാജേന്ദ്രപ്രസാദ് ആദ്യ വിൽപ്പന നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി. ഇസ്മായിൽ സ്വാഗതവും കുടുംബശ്രീ കൺസോർഷ്യം സെക്രട്ടറി ലീന.സി. നായർ നന്ദിയും പറഞ്ഞു.