കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസ് റോഡിൽ വച്ച് പുലിയും പുലിക്കുട്ടികളും ഓട്ടോറിക്ഷയ്ക്ക് മുന്നിൽ ചാടി. കൽപ്പറ്റ ബൈപ്പാസിലൂടെ പോയ ഓട്ടോറിക്ഷയ്ക്ക് മുൻപിൽ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് പുലിയും രണ്ട് കുട്ടികളും ചാടിയത്. ഡ്രൈവർ പെട്ടെന്ന് വണ്ടി നിർത്തിയതോടെ മൈലാടി പാറയിലേക്ക് പുലിയും കുട്ടികളും ഓടിക്കയറി. പകൽ സമയങ്ങളിൽ പോലും പുലി ഇറങ്ങുന്നതിനാൽ പ്രദേശവാസികളുടെ ആശങ്ക അകലുന്നില്ല. നഗരത്തിനടുത്ത് പുലിയെയും കുട്ടികളെയും നാട്ടുകാർ കണ്ടതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പെൺപുലി കുടുങ്ങിയിരുന്നു. ഈ പുലിയെ മുത്തങ്ങ ഉൾവനത്തിൽ തുറന്ന് വിട്ടെന്നാണ് വനം വകുപ്പിന്റെ അറിയിച്ചത്. വീണ്ടും ഇവിടെ പുലി കുട്ടികളോടൊപ്പം പ്രത്യക്ഷപ്പെട്ടത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. കൂട്ടിലായ പുലിയെ തുറന്ന് വിട്ടതിനെപ്പറ്റി നാട്ടുകാർക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. ഈ സംശയം ബലപ്പെടുത്തി കഴിഞ്ഞ ദിവസം കൽപ്പറ്റ നഗരത്തിൽ ജഡ്ജിയുടെ വസതിക്ക് സമീപം പുലി എത്തിയതായി സൂചനയുണ്ടായിരുന്നു.
രണ്ട് ദിവസം മുമ്പ് കൽപ്പറ്റ നഗരത്തിനടുത്ത് പുത്തൂർവയലിൽ പുലിയുടെ ജഡം കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ കെണിയൊരുക്കിയ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ഇവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.