സുൽത്താൻ ബത്തേരി: വയനാടിന്റെ ഏറ്റവും വലിയ വികസന പദ്ധതിയായ നഞ്ചൻകോട് -വയനാട്-നിലമ്പൂർ റെയിൽപാത തലശ്ശേരി-മൈസൂർ റെയിൽപാതയ്ക്കു വേണ്ടി അട്ടിമറിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കാൻ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്‌ഷൻ കമ്മറ്റി തീരുമാനിച്ചു.
കേന്ദ്ര സർക്കാർ നിർമ്മാണാനുമതി നൽകി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും 3000 കോടി രൂപയുടെ കേന്ദ്രവിഹിതം പ്രഖ്യാപിക്കുകയും സംസ്ഥാന സർക്കാർ ചെലവിന്റെ പകുതി നൽകാമെന്ന് തീരുമാനിക്കുകയും ചെയ്തതാണ് നഞ്ചൻകോട് -വയനാട് റെയിൽപാത. കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രത്യേക കമ്പനി രൂപീകരിച്ച് നടപ്പാക്കാനായി കരാർ ഒപ്പിട്ട ശേഷം ഡി.പി.ആർ തയ്യാറാക്കാനായി ഡോ: ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി യെ 8 കോടി രൂപ അനുവദിച്ച് ചുമതലപ്പെടുത്തുകയും അതിന് റെയിൽവേ ബോർഡ് അംഗീകാരം നൽകുകയും ചെയ്തതാണ്. വനത്തിൽ ടണലുകളിലൂടെ കടന്നുപോകാൻ സർവ്വേ നടത്താൻ തടസ്സമില്ല എന്ന് കർണ്ണാടക സർക്കാർ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ജില്ലയുടെ പ്രാദേശിക താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തിയാണ് ഈ റെയിൽപാത അട്ടിമറിക്കുന്നത്.
വയനാട്ടിലെ ജനങ്ങളുടെ ചെറുത്തു നിൽപ്പുകൊണ്ട് മാത്രമാണ് ഈ പാത പൂർണ്ണമായും അട്ടിമറിക്കാൻ സാധിക്കാത്തത്. എന്നാൽ അണിയറയിൽ നഞ്ചൻകോട്-നിലമ്പൂർ പാതയെ തഴയുന്ന സമീപനമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്.
ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി തുടങ്ങിവെച്ച സർവ്വേ നടപടികൾ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് നഞ്ചൻകോട്-നിലമ്പൂർ പാത യാഥാർത്ഥ്യമാക്കാൻ നിലവിൽ കേരള സർക്കാർ ചെയ്യേണ്ടത്.
രണ്ടാം ഘട്ടം പ്രക്ഷോഭങ്ങളുടെ തുടക്കമായി ഡി.പി.ആർ നടത്താൻ ഡി.എം.ആർ.സി ക്ക് അനുവദിച്ച 8 കോടി രൂപ റിലീസ് ചെയ്തു നൽകി ഡി.പി.ആർ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 16 ന് വൈകീട്ട് 5 മണി മുതൽ കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് സായാഹ്നധർണ്ണ സംഘടിപ്പിക്കും. വയനാടിന്റെ അവകാശം നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാകണമെന്ന് കമ്മറ്റി അഭ്യർത്ഥിച്ചു.
അഡ്വ:ടി.എം.റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാൽ, പി.വൈ.മത്തായി, എം.എ.അസൈനാർ, വിമോഹൻ, ഫാ: ടോണി കോഴിമണ്ണിൽ, മോഹൻ നവരംഗ്, രാജൻ തോമസ്, അഡ്വ: ജോസ് തണ്ണിക്കോട്, അബ്ദുൾ റസാഖ്, ജോസ് കപ്യാർമല, സംഷാദ്, നാസർ കാസിം തുടങ്ങിയവർ പങ്കെടുത്തു.