സുൽത്താൻബത്തേരി: സ്വതന്ത്ര മൈതാനിയുമായി ബന്ധപ്പെട്ട് ബത്തേരി നഗരസഭയിലെ യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് നഗരസഭ ഭരണസമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വതന്ത്ര മൈതാനിയുടെ നവീകരണ പ്രവർത്തിയുടെ ഉദ്ഘാടനം ബഹിഷ്‌ക്കരിച്ചതോടെ യു.ഡി.എഫിന്റെ രാഷ്ട്രീയ ഗതികേടാണ് പുറത്തുവന്നത്.
യു.ഡി.എഫ്. ഭരണസമിതി മുമ്പ് സ്വതന്ത്രമൈതാനി പതിനഞ്ചു വർഷത്തേക്ക് സ്വകാര്യ ക്ലബ്ബിന് തീറെഴുതി കൊടുത്തുവെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. നവീകരണ പ്രവൃത്തി നടത്തുന്നതിനും ക്ലോക്ക് ടവർ സ്ഥാപിക്കുന്നതിനും കൗൺസിൽ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. എന്നിട്ടും പുറത്തുവന്ന് എതിർക്കുന്നത് രാഷ്ട്രീയമര്യാദയല്ലെന്നും അവർ പറഞ്ഞു.
ബത്തേരി ടൗണിൽ നിരവധി പദ്ധതികൾ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയിട്ടുണ്ട്. രാംജിത്ത് ബിൽഡേഴ്സ് സൗജന്യമായി നിർമ്മിച്ചു നൽകിയ ടവറിൽ പേര് സ്ഥാപിച്ചതിൽ ഒരു അപാകതയും ഇല്ലെന്നും അവർ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ നഗരസഭ ചെയർമാൻ ടി.എൽ. സാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ ജിഷാ ഷാജി. സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ. സഹദേവൻ എന്നിവർ പങ്കെടുത്തു.