പുൽപള്ളി: മരക്കടവിൽ വീണ്ടും കടുവ പശുവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. മരക്കടവ് ഭൂതാനംകുന്ന് മൂഴിച്ചാലിൽ ഷാജുവിന്റെ വീട്ടിലെ പശുവിനെയാണ് കടുവ ആക്രമിച്ചത്. കടുവയെ നിരീക്ഷിക്കുന്നതിന് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. രാവിലെ പശുവിനെ കറക്കാൻ ചെന്നപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. തൊഴുത്തിൽ രണ്ട് പശുക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നിനെയാണ് പരിക്കേൽപ്പിച്ചത്. മുഖത്ത് ആഴത്തിലുള്ള മുറിവുണ്ട്. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി. കടുവയെ നിരീക്ഷിക്കുന്നതിനായി നൈറ്റ് പട്രോളിംഗ് നടത്തുമെന്ന് റേഞ്ച് ഓഫീസർ രതീശൻ പറഞ്ഞു. വനപാലകരുടെ നേതൃത്വത്തിൽ കബനി പുഴയോരത്ത് പരിശോധന നടത്തി. കഴിഞ്ഞ മാസം ഈ പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ ഒരു പശു കൊല്ലപ്പെട്ടിരുന്നു. മറ്റൊന്നിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രദേശവാസികൾ ഭീതിയിലാണ്. കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.