വടകര:ദേശീയപാത കർമ്മസമിതി ജില്ലാ കമ്മിറ്റിയഗം ശ്രീധരൻ മൂരാടിനെ വടകര പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതായി പരാതി. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് മൂരാട്ടിലെ വീട് വളഞ്ഞ് പോലീസ് ശ്രീധരനെ പിടികൂടിയത്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കേസിൽ വാറണ്ട് പ്രതിയെന്ന് ആരോപിച്ചാണ് അറസ്റ്റ് . വടകര കോടതിയിൽ നിന്നും ജാമ്യം ലഭിച്ചുവെന്ന് പറഞ്ഞുവെങ്കിലും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഭിഭാഷകയുടെവിശദീകരണം കേൾക്കാനും പൊലീസ് തയ്യാറായില്ല. ഒടുവിൽ ഞായറാഴ്ച്ച പുലർച്ചെ പോലീസ് സ്റ്റേഷനിൽ എത്തിയ അഭിഭാഷക സി. എച്ച്. നയന കാര്യങ്ങൾ വിശദീകരിച്ചതോടെ ഇയാളെ പോലീസ് ജീപ്പിൽ ഒരു മണിയോടെ വീട്ടിൽ എത്തിക്കുകയായിരുന്നു. മറ്റൊരു പ്രതിയായ പുതുപ്പണം മേഖല സെക്രട്ടറി പി. മുസ്തഫയുടെ വീട്ടിലും പോലീസ് എത്തിയിരുന്നു. അർദ്ധരാത്രി ശ്രീധരൻ മുരാടിന്റെ വീട് വളഞ്ഞ് ഭീതിപരത്തി കസ്റ്റഡിയിൽ എടുക്കാൻ നേതൃത്വം നൽകിയ പോലീസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ദേശീയപാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പോലീസിനെ ഉപയോഗിച്ച് കർമ്മ സമിതിയെ തകർക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. എ ടി മഹേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല , കെ.കുഞ്ഞിരാമൻ പികെ നാണു, പി.സുരേഷ് , സി വി ബാലഗോപാൽ, പി.സുരേഷ് പി,പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു.