കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ബിസോൺ കലോത്സവം "ബേർണിംഗ് ബെഞ്ച് 2019"ന്റെ ലോഗോ പ്രകാശനം എം.ടി വാസുദേവൻനായർ നിർവ്വഹിച്ചു. നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം നേടാൻ ശ്രമിച്ച പഞ്ചമി എന്ന പുലയ പെൺകുട്ടി ഇരുന്ന ബെഞ്ച് ഏഴു തവണ കത്തിച്ചു കളഞ്ഞ സവർണാധിപത്യത്തിന്റെ ഇന്നലെകളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് കലോത്സവത്തിന് "ബേർണിംഗ് ബെഞ്ച്" എന്ന പേരിട്ടിരിക്കുന്നത്.
നിപ വൈറസ് ബാധക്കെതിരെ ധീരമായ ചെറുത്തുനിൽപ് നടത്തി ഉയർത്തെഴുന്നേൽക്കുന്ന പേരാമ്പ്രയിലെ സി.കെ.ജി. മെമ്മോറിയൽ ഗവ: കോളേജിൽ വെച്ച് ഫെബ്രുവരി 20 മുതൽ 24 വരെയുള്ള തിയ്യതികളിലാണ് ബി. സോൺ കലോൽസവം സംഘടിപ്പിക്കുന്നത്.
കലോത്സവത്തിൽ നൂറിലധികം കലാലയങ്ങളിൽ നിന്നായി മൂവ്വായിരത്തിലധികം കലാപ്രതിഭകൾ മാറ്റുരക്കുമെന്ന് സംഘാടകർ അറിയിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ വിഷ്ണു പ്രസാദ്, കൺവീനർ ടി. അതുൽ, പ്രോഗാം കൺവീനർ ബി.സി. അനുജിത്ത്, ശിവപ്രസാദ്, ഖദീജ ഹിബ എന്നിവർ സംബന്ധിച്ചു. പയ്യന്നൂർ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജിഷ്ണു പവിത്രനാണ് ലോഗോ തയ്യാറാക്കിയത്.