കൽപ്പറ്റ: തോട്ടം തൊഴിലാളികളുടെ വേതനപരിഷ്‌ക്കരണം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ചും, പ്രശ്നത്തിൽ അടിയന്തര പരിഹാരമാവശ്യപ്പെട്ടും കേരളത്തിലെ മൂന്നര ലക്ഷത്തോളം തോട്ടം തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് കേരളത്തിലെ തോട്ടങ്ങളിൽ നടത്തുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കാൻ കൽപ്പറ്റയിൽ ചേർന്ന സംയുക്ത സമരസമിതി അഭ്യർത്ഥിച്ചു. തോട്ടം വ്യവസായത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ പേര് പറഞ്ഞ് തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഉത്തരവാദപ്പെട്ട സംഘടനകളെന്ന നിലയിൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കാൻ തൊഴിലാളികൾ തയ്യാറായിട്ടില്ല. ഇനിയും ഇത്തരം സമീപനങ്ങൾ തുടരുന്ന പക്ഷം ഈ നിലപാട് മാറ്റാൻ തൊഴിലാളികളും സംഘടനകളും സമരമാർഗം സ്വീകരിക്കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.
20ന് മേപ്പാടി, ചുണ്ടേൽ, പൊഴുതന, തലപ്പുഴ എന്നീ കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും നടത്തും. യോഗത്തിൽ പി.പി ആലി അദ്ധ്യക്ഷത വഹിച്ചു. പി. പി.എ കരീം ഉദ്ഘാടനം ചെയ്തു. യു.കരുണൻ, സി.എച്ച് മമ്മി, കെ.ടി ബാലകൃഷ്ണൻ, എൻ വേണു, എൻ.ഒ ദേവസ്യ, പി.കെ മുരളീധരൻ, പി.വി കുഞ്ഞിമുഹമ്മദ്, ബി സുരേഷ്ബാബു, പി.കെ മൂർത്തി എന്നിവർ സംസാരിച്ചു.