സുൽത്താൻ ബത്തേരി: എൽ.ഡി.എഫ് ഭരിക്കുന്ന ബത്തേരി നഗരസഭയിൽ യു.ഡി.എഫ്. അവിശ്വാസത്തിന് നോട്ടീസ് നൽകി. എൽ.ഡി.എഫിന്റെ പിന്തുണയോടെ ചെയർമാനായ കേരള കോൺഗ്രസ്സ് എം അംഗം ടി.എൽ.സാബുവിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസ നോട്ടീസ് നൽകിയത്.

കഴിഞ്ഞ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ 35 അംഗ ഭരണസമിതിയിൽ യു.ഡി.എഫിനും,എൽ.ഡി.എഫിനും 17വീതം സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. എന്നാൽ യു.ഡി.എഫ് പാനലിൽ വിജയിച്ച കേരള കോൺഗ്രസ്സ് എം അംഗം ടി.എൽ.സാബു എൽ.ഡി.എഫിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ നഗരസഭാ ഭരണം എൽ.ഡി.എഫിന് ലഭിച്ചു.

ഈ കാലയളവലിൽ നഗരസഭയിലെ രണ്ട് ഡിവിഷനുകളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ കുപ്പാടി ഡിവിഷൻ എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. ഇതോടെ യു.ഡി.എഫിനും കേരള കോൺഗ്രസ്സ് എമ്മിന്റെ പിന്തുണയടക്കം എൽ.ഡി.എഫിനും 17 സീറ്റുകൾ വീതം ആയി. അവശേഷിക്കുന്ന ഒരംഗം ബി.ജെ.പിയുടേതുമാണ്. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ തയ്യാറായത്.

സീറ്റ്നില തുല്യമായതോടെ യു.ഡി.എഫ് നേതൃത്വം കേരള കോൺഗ്രസ്സ് എമ്മുമായി ചർച്ചനടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

നിലവിലെ സാഹചര്യത്തിൽ ബി.ജെ.പി അംഗത്തിന്റെ നിലിപാട് നിർണ്ണായകമാണ്.

നോട്ടീസ് ലഭിച്ച് പതിനഞ്ചു ദിവസങ്ങൾക്കകം പ്രമേയം ചർച്ചയ്ക്ക് എടുക്കണം.