സുൽത്താൻ ബത്തേരി: മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 19 ലക്ഷം രൂപയുടെ കുഴൽ പണം പിടികൂടി. കൊടുവളളി സ്വദേശികളായ കാരാട്ട് വീട്ടിൽ സുൽഫിക്കർ അലി (32) ,ചെറുവണ്ണൂർ കൊളത്തറ കൊച്ചിനാംതൊടി മുഹമ്മദ് ബഷീർ (31) എന്നിവരേയും ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
മൈസൂരിൽ നിന്ന് ബത്തേരിക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. കച്ചവട ആവശ്യത്തിന് കൊണ്ടുവന്ന തുകയാണിതെന്നാണ് ഇവർ മൊഴി നൽകിയത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കേസ്സ് ബത്തേരി പൊലീസിന് കൈമാറി.
കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സിൽ നിന്ന് 400 ഗ്രാം കഞ്ചാവും ഇന്നലെ രാവിലെ പിടികൂടി.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എം.കെ. സുനിൽ,ബെന്നി ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് വാഹന പരിശോധനകളും നടത്തിയത്.
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കർണ്ണാടക ആർ.ടി.സി ബസിലെ യാത്രക്കാരനായ ഇരിട്ടി സ്വദേശി പെരുവംപറമ്പിൽ കിഷോർകുമാർ (26) എന്നയാളെയാണ് കഞ്ചാവ് സഹിതം എക്‌സൈസ് പിടികൂടിയത് .എക്‌സൈസ് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ ചെക്‌പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.ഇയാളിൽ നിന്നും 400 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.രമേഷ്,പി.എസ് വിനീഷ്,ഏലിയാസ് വി.പി, അബ്ദുൾ സലീം,സി.ഇ.ഒ പ്രജീഷ്,ഡ്രൈവർ ബീരാൻ കോയ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
യൂണിറ്റ് സമ്മേളനം
സുൽത്താൻ ബത്തേരി: കേരളാ വ്യാപാരി വ്യവസായി സമിതി തോമാട്ടുചാൽ യൂണിറ്റ് സമ്മേളനം ജില്ലാ സെക്രട്ടറി തുളസിദാസ് ഉദ്ഘാടനംചെയ്തു.ടൗണിൽ രൂക്ഷമാകുന്ന മാലിന്യ പ്രശ്നം പരിഹരിക്കാൻ ഗ്രാമപഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.കെ.ടി.ഇബ്രാഹിം അദ്ധ്യക്ഷനായി. പുതിയ ഭാരവാഹികളായി കെ.ടി.ഇബ്രാഹിം -പ്രസി,പി.സുലൈമാൻ- സെക്ര,കെ.അബ്ദുൾ അസീസ് -ഖജാൻജി എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റ് പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെക്കണം
സുൽത്താൻ ബത്തേരി: എ.കെ.ജി മന്ദിരത്തിൽ നിന്നുളള ഉത്തവ് മാത്രം നടപ്പാക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവെച്ച് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസി.കെ.കെ. രാജൻ അദ്ധ്യക്ഷനായി. വി.ഡി.സുഗതൻ,പി.കെ ചന്ദ്രൻ,കെ.കെ.എസ് നായർ തുടങ്ങിയവർ സംസാരിച്ചു.