സുൽത്താൻ ബത്തേരി: വയനാട്ടിലെ കാപ്പി കർഷകരുടെ ഉന്നമനത്തിനായി ഈ വർഷത്തെ ബഡ്ജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതി വിജയിപ്പിക്കാനായി ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും കേന്ദ്ര സർക്കാർ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള കോഫിബോർഡും ചേർന്ന് വിപണി പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു.
വയനാട്ടിലെ ചെറുകിട കാപ്പി കർഷകർക്ക് കൂടുതൽ വരുമാനവും മെച്ചപ്പെട്ട വിപണന സാധ്യതകളും ഉറപ്പാക്കാനുള്ളതാണ് പദ്ധതി. സമഗ്രമായ വാണിജ്യ രൂപരേഖ തയ്യാറാക്കാൻ ബാംഗ്ലൂർ ആസ്ഥാനമായ കോഫിബോർഡുമായി ബ്രഹ്മഗിരി ധാരണയിലെത്തിയിട്ടുണ്ട്.
കാപ്പിക്ക് കൂടുതൽ വില ലഭിക്കാനും ചെറുകിട കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കാനുമായി വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള പദ്ധതിയാണ് ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി വിഭാവനം ചെയ്യുന്നതെന്ന് ചെയർമാൻ പി. കൃഷ്ണപ്രസാദ് പറഞ്ഞു.
കോഫിബോർഡ്, പദ്ധതിയുടെ ദക്ഷിണേന്ത്യൻ വിപണിയിലെ സാധ്യതകളെ കുറിച്ച് സമഗ്രമായ പഠനം നടത്തി, വിപണന രീതി ഉൾപ്പെടെയുള്ള റിപ്പോർട്ട് ഒരു മാസത്തിനകം ബ്രഹ്മഗിരിക്ക് സമർപ്പിക്കും. ഇതിനായി കോഫിബോർഡിൽ നിന്നുള്ള വിദഗ്ധർ ഫെബ്രുവരി 21, 22 തീയ്യതികളിൽ വയനാട്ടിലെത്തി കാപ്പി കർഷകരുമായി സംവദിക്കും.