രാജ്യാന്തര ഗവേഷണ കേന്ദ്രമോ മെഡിക്കൽ കോളേജോ തവിഞ്ഞാലിൽ വന്നേക്കും
മാനന്തവാടി: നടപ്പാവാതെ പോയ ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് പകരമായി തവിഞ്ഞാലിൽ ഉന്നത നിലവാരത്തിലുള്ള ആരോഗ്യ കേന്ദ്രമെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളയ്ക്കുന്നു. രാജ്യാന്തര ഗവേഷണ കേന്ദ്രമോ മെഡിക്കൽ കോളേജോ തവിഞ്ഞാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ തുടങ്ങുമെന്ന പ്രതീക്ഷ ഉയരുകയാണ്.
ശ്രീചിത്ര മെഡിക്കൽ സെന്ററിന്റെ ഉപകേന്ദ്രത്തിനായി ഏറ്റെടുത്ത തവിഞ്ഞാൽ ബോയ്സ് ടൗണിലുള്ള ഗ്ലൈൻലെവൽ എസ്‌റ്റേറ്റ് വക 75 ഏക്കർ ഭൂമി ആരോഗ്യ വകുപ്പ് കൈവശമാണ്.കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ ആരോഗ്യ മന്ത്രി കെ.കെ ശൈലജ സ്ഥലം സന്ദർശിച്ചിരുന്നു.
കൽപ്പറ്റയിൽ മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണം നടക്കില്ലെന്ന് ഏറെക്കുറെ തീരുമാനമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള തവിഞ്ഞാലിലെ ഭൂമിയിൽ മെഡിക്കൽ കോളേജ് പ്രവൃത്തികൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമാണ്.
ഇത് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അനുയോജ്യമായ സ്ഥലത്ത് തുടങ്ങുമെന്ന് മാത്രമാണ് മന്ത്രി പറഞ്ഞത്.
എന്നാൽ കണ്ണൂർ ജില്ലയുമായി ഏറ്റവും അടുത്ത് നിൽക്കുന്നതും നിലവിൽ മട്ടന്നൂർ എയർപോർട്ട് റോഡായി പരിഗണിച്ച് നാല് വരിപ്പാതയാക്കി നവീകരിക്കുകയും ചെയ്യുന്ന മാനന്തവാടി റോഡിനോട് ചേർന്നതുമായ സ്ഥലം മെഡിക്കൽ കോളേജ് തുടങ്ങുന്നതിന് അനുയോജ്യമാണെന്ന കാഴ്ചപ്പാടാണ് ഉയർന്നിട്ടുള്ളത്. കർണ്ണാടകയിലെ കുടക്, എച്ച്.ഡി.കോട്ട മേഖലകളിലെ ആദിവാസികൾ ഉൾപ്പെടെയുള്ള രോഗികൾക്കും വേഗത്തിലെത്താൻ കഴിയുമെന്നതിനാൽ സ്ഥാപനം ഏറെ പ്രയോജനം ചെയ്യും.
ജില്ലാ ആശുപത്രിയിലെ സ്ഥപരിമിതിക്കും മെഡിക്കൽ കോളേജ് വരുന്നതോടെ പരിഹാരമാവും.
അതേസമയം മെഡിക്കൽ കോളേജെന്ന ആശയത്തിന് മുമ്പായി തന്നെ, വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ ആരോഗ്യ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ആരോഗ്യ മന്ത്രി പരിശ്രമങ്ങൾ നടത്തിയിരുന്നു.കഴിഞ്ഞ വർഷം അമേരിക്കൻ ഐക്യനാടുകളിലെ സന്ദർശനത്തിനിടെ തോമസ് ജെഫേഴ്സൺ യൂണിവേഴ്സിറ്റിയിലെ സിഡ്നി കാർമൽ ക്യാൻസർ സെന്ററിലെ ഡോക്ടർമാരുമായുള്ള ചർച്ചയ്ക്കിടെയാണ് കേരളത്തിൽ രാജ്യാന്തര ഗവേഷണ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് മന്ത്രി സന്നദ്ധത അറിയിച്ചത്. ഇതിനായി ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള തവിഞ്ഞാലിലെ ഭൂമിയായിരുന്നു കണ്ടിരുന്നത്.
ജില്ലയിലെ ആദിവാസികളെ ബാധിച്ചിട്ടുള്ള സിക്കിൾസെൽ അനീമിയയെ കുറിച്ചുള്ള ചർച്ചയിലും മന്ത്രി പങ്കെടുത്തിരുന്നു. ഇന്നും ഫലപ്രദമായ ചികിൽസ അരിവാൾ രോഗത്തിനില്ല. ഈ പരിമിതി മറികടക്കാൻ അരിവാൾ രോഗികൾ കൂടുതലുളള വയനാട്ടിൽ രാജ്യാന്തര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
2010 ൽ ആയിരുന്നു ശ്രീചിത്ര സെന്ററിന്റെ ഉപകേന്ദ്രം തുടങ്ങുന്നതിനായി സ്ഥലം അന്വേഷിച്ച് തുടങ്ങിയത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് അനുയോജ്യമായ ഭൂമി സർക്കാരിന് സാമ്പത്തിക ബാധ്യതകളില്ലാതെ ഏറ്റെടുക്കാൻ കഴിഞ്ഞത്.ഇതിനിടെ ഉപകേന്ദ്രമെന്ന ആദ്യകാല പരിഗണനയിൽ നിന്ന് ശ്രീചിത്ര പിന്മാറി. ഇതോടെയാണ് ഇതിനായി ഏറ്റെടുത്ത ഭൂമി ആരോഗ്യ മേഖലയിൽ തന്നെ മറ്റ് വികസനപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്.