മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ടയിൽ കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകരിച്ച സർക്കാർ ഐ.ടി.ഐ തുടങ്ങുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. ഇലക്ട്രീഷ്യൻ, പ്ലംബർ എന്നീ ട്രേഡുകളുടെ രണ്ട് യൂണിറ്റുകൾ വീതം അംഗീകരിച്ചും ആറു തസ്തികകൾ സൃഷ്ടിച്ച് കൊണ്ടുമാണ് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവിറക്കിയിട്ടുള്ളത്. പ്രിൻസിപ്പലി​ന്റെ ഒരു തസ്തികയും ജൂനിയർ ഇൻസ്ട്രക്ടറുടെ നാലു തസ്തികയും ഒരു ക്ലർക്ക് തസ്തികയുമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ രണ്ട് വാച്ച്മാൻമാരെ കേരള സ്റ്റേറ്റ് എക്സ് സർവീസ്‌മെൻ ഡവലപ്പ്‌മെന്റ് ആൻഡ് റിഹാബിലിറ്റേഷൻ കോർപ്പറേഷൻ മുഖേന കരാർ അടിസ്ഥാനത്തിലും, ഒരു ശുചീകരണ തൊഴിലാളിയെ കുടുംബശ്രീ മുഖേനയും, ദിവസവേതന അടിസ്ഥാനത്തിൽ ഒരു ഓഫീസ് അറ്റന്റന്റിനെ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് മുഖേനയും നിയമിക്കുന്നതിന് ഉത്തരവിൽ അനുമതി നൽകിയിട്ടുണ്ട്.

താൽക്കാലിക സംവിധാനത്തിൽ എത്രയും പെട്ടന്ന് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്തിവരികയാണെന്ന് ഒ.ആർ.കേളു.എം.എൽ.എ പറഞ്ഞു.