മാനന്തവാടി: ലക്ഷ്യത്തിലെത്താതെ ബസ് തിരിച്ചു പോയതോടെ ബസ് കാത്ത് നിന്ന് രോഗികളും ബസ്സിനെ സ്വീകരിക്കാൻ നിന്ന യാത്രക്കാരും നിരാശരായി.ഏറെ മുറവിളിക്ക് ശേഷം മാനന്തവാടിയിൽ നിന്ന് നല്ലൂർനാട് ക്യാൻസർ സെന്ററിലേക്ക് ആരംഭിച്ച ബസ് സർവ്വീസ് ആശുപത്രിയിലെത്തുന്നതിന്റെ 500 മീറ്റർ മുമ്പായുള്ള കവലയിൽ വെച്ച് യാത്ര അവസാനിപ്പിച്ച് തിരികെ പോയി. ഇന്നലെ ഉച്ചയ്ക്ക് 1.30 നുളള സർവ്വീസാണ് രോഗികളെ ദുരിതത്തിലാക്കിയത്. ഇതറിയാതെ ആശുപത്രി വരാന്തയിൽ കീമോ ചികിത്സ കഴിഞ്ഞ് ക്ഷീണിതരായി മണിക്കൂറുകളോളം കാത്ത് നിന്ന രോഗികളാണ് വലഞ്ഞത്. രണ്ട് മണിക്കുള്ളിൽ ബസ്സെത്തുമെന്ന പ്രതീക്ഷയിൽ രാവിലെ ചികിത്സക്കെത്തിയ ഇവർ ഭക്ഷണം പോലും ലഭിക്കാത്ത ആശുപത്രി വരാന്തയിൽ 2.45 വരെ കാത്തിരിക്കുകയായിരുന്നു.പിന്നീട് ഓട്ടോറിക്ഷ വിളിച്ചു വരുത്തിയാണ് ഇവർ തിരിച്ചു പോയത്.
ബസ്സിനെ സ്വീകരിക്കാൻ അംബേദ്കർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളും അംബേദ്കർ ഹോസ്പ്പിറ്റൽ സ്റ്റാഫും കാത്ത് നിന്നിരുന്നു. പിന്നീട് ഇവരും നിരാശരായി തിരിച്ചു പോവുകയാണുണ്ടായത്.
യാത്ര അവസാനിപ്പിക്കേണ്ടതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശം അധികൃതർ നൽകാത്തതാണ് ജീവനക്കാർ വഴിയിൽ സർവ്വീസ് അവസാനിപ്പിക്കാനിടയാക്കിയതെന്നാണ് സൂചന.