കൽപ്പറ്റ: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നയങ്ങൾക്കെതിരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സത്യാഗ്രഹം നടത്തി. ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് ആസൂത്രിതമായ കലാപത്തിന് ഭരണകൂടം ശ്രമിക്കുകയാണെന്നും അവിശ്വാസികളായ യുവതികളുടെ മറപിടിച്ച് ശബരിമലയെ തകർക്കുവാനുള്ള ശ്രമത്തിനെതിരെ അന്തിമ പോരാട്ടത്തിന് ബി.ജെ.പി തയ്യാറാകുമെന്നും സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു പറഞ്ഞു. പ്രസംഗത്തിൽ വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം വിശ്വാസികൾക്കൊപ്പം പരസ്യമായ പോരാട്ടങ്ങൾക്ക് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാപ്രസിഡന്റ് സജി ശങ്കർ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡന്റ് വി.വി.രാജൻ, കർഷകമോർച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി.മോഹനൻ മാസ്റ്റർ, നാഷണൽ കൗൺസിൽ അംഗം പള്ളിയറ രാമൻ എസ് ടി മോർച്ച സംസ്ഥാന പ്രസിഡന്റ് കെ മോഹൻദാസ് സംസ്ഥാന സമിതി അംഗങ്ങളായ കെ സദാനന്ദൻ, കൂട്ടാറ ദാമോദരൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ജി ആനന്ദകുമാർ, കർഷകമോർച്ച സംസ്ഥാന സെക്രട്ടറി അരിമുണ്ട സുരേഷ്, കെ.പി മധു, രാധാ സുരേഷ്, പ്രശാന്ത് മലവയൽ, വി.കെ രാജൻ, സുബ്രഹ്മണ്യൻ, ജയ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : ശബരിമലയിലെ സംസ്ഥാന സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും നയങ്ങൾക്കെതിരെ ബി.ജെ.പി കൽപ്പറ്റയിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു