മാനന്തവാടി: യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിനായി മാനന്തവാടി ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്നില്ലെന്ന് വ്യാപക ആരോപണം. ബസ്സുകൾ സ്റ്റാന്റിൽ നിന്ന് സർവ്വീസ് ആരംഭിക്കുന്ന രാവിലെ 8 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് ഓഫീസ് പ്രവർത്തിക്കേണ്ടത്. എന്നാൽ മിക്ക ദിവസങ്ങളിലും രാവിലെ 10 മണിക്ക് ശേഷം മാത്രം ഓഫീസ് തുറക്കുകയും വൈകീട്ട് 5 മണിയോടെ പൂട്ടുകയും ചെയ്യുകയാണെന്നാണ് പരാതി. ചില ദിവസങ്ങളിൽ ഓഫീസ് തുറക്കാറില്ലെന്നും പറയപ്പെടുന്നു.
അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാരടക്കം നിരവധി പേരാണ് നിത്യേന മാനന്തവാടി ബസ് സ്റ്റാന്റിൽ എത്തുന്നത്.
ബസ്സുകളുടെ സമയമുൾപ്പെടെയുള്ള വിവരങ്ങൾ അറിയാനായി എത്തുന്ന യാത്രക്കാർ അടച്ചിട്ട ഓഫീസ് കണ്ട് നിരാശയോടെ മടങ്ങുന്നത് പതിവ് കാഴ്ചയാണ്.
സ്റ്റാന്റിൽ എത്തുന്ന കെ എസ് ആർ ടി സി ബസ്സുകളിലെ ജീവനക്കാർക്ക് സമയക്രമീകരണമടക്കമുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതും ഈ ഓഫീസിൽ നിന്ന് തന്നെയാണ്. എന്നാൽ നാഥനില്ലാ കളരി പോലെയാണ് ഓഫീസിന്റെ പ്രവർത്തനങ്ങൾ.
3 സ്റ്റേഷൻ മാസ്റ്റർമാരും 9 ഇൻസ്‌പെക്ടർമാരും മാനന്തവാടി ഡിപ്പോയ്ക്ക് കീഴിലായുണ്ട്. ഇവരെ പുനർ ക്രമീകരിച്ചാൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ പ്രവർത്തനം സുഗമമായി നടത്താൻ കഴിയും. എന്നാൽ ഡിപ്പോയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്റെ നിലപാടുകളാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ആരോപണം. ഈ ഉദ്യോഗസ്ഥന്റെ നിരുത്തരവാദപരമായ നടപടികൾക്കെതിരെ ഡിപ്പോയിലെ ജീവനക്കാരുടെ അംഗീകൃത യൂണിയനുകൾ ഈ മാസം 22 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.