കൽപ്പറ്റ: കൽപ്പറ്റ നഗരസഭയുടെ വികസന മുരടിപ്പിനും അഴിമതിക്കുമെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഗൂഡലായിക്കുന്നിലെ അറവുശാല ഉടൻ തുറന്നുപ്രവർത്തിപ്പിക്കണമെന്ന് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നഗരസഭയുടെ ലക്ഷക്കണക്കിന് രൂപ വർഷങ്ങളായി അറവുശാലയ്ക്ക് വേണ്ടി യാതൊരു പ്രയോജനവുമില്ലാതെ മുടങ്ങിക്കിടക്കുകയാണ്. അറവുശാല തുറക്കാതെ ധൃതിപിടിച്ച് മത്സ്യമാംസ മാർക്കറ്റ് ബൈപ്പാസിലേക്ക് മാറ്റുന്നത് ബ്രഹ്മഗിരി സൊസൈറ്റിയെയും, വൻകിട മത്സ്യ,മാംസ കച്ചവടക്കാരെ സഹായിക്കാനുമാണെന്ന് യോഗം കുറ്റപ്പെടുത്തി.

കൽപ്പറ്റയിലെ ജനങ്ങൾ തിരഞ്ഞെടുത്ത യു.ഡി.എഫ് ഭരണസമിതിയെ ജനതാദൾ യുവിന്റെ കാലുമാറ്റത്തിലൂടെ ഭരണത്തിൽ നിന്ന് താഴെയിറക്കി അധികാരത്തിൽ വന്ന എൽ.ഡി.എഫ് ഭരണസമിതി നഗരസഭയുടെ വികസനപ്രവർത്തനങ്ങൾ മുരടിപ്പിച്ചിരിക്കുകയാണെന്ന് യോഗം ആരോപിച്ചു.

സമഗ്ര നഗരാസൂത്രണ സ്‌കീമിന്റെ റൂൾസ് ധൃതി പിടിച്ച് അംഗീകരിച്ചത് റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ്. ബിൽഡിംഗ് പെർമിറ്റ് ലഭിക്കാതിരുന്ന സ്ഥലങ്ങളിൽ വൻമുതലാളിമാർക്കും റിയൽ എസ്റ്റേറ്റുകാർക്കും ബഹുനില കെട്ടിട്ടങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി ഇതുവഴി ലഭിച്ചു. നഗരസഭയുടെ ഉൾപ്രദേശങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കായുള്ള രണ്ട് കോടി രൂപ നിയമവിരുദ്ധമായി നാഷണൽ ഹൈവേക്ക് കൈമാറി.

മണ്ഡലം പ്രസിഡന്റ് കെ കെ രാജേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. വി എ മജീദ്, അഡ്വ. ടി ജെ ഐസക്, സി ജയപ്രസാദ്, എം എം രമേശൻ, പി കെ കുഞ്ഞിമൊയ്തീൻ, ജി വിജയമ്മ, ഗിരീഷ് കൽപ്പറ്റ, സാലി റാട്ടക്കൊല്ലി, കെ ആലി, പി വിനോദ്കുമാർ, എസ് മണി, പി കെ മുരളി, സെബാസ്റ്റ്യൻ കൽപ്പറ്റ, കൗൺസിലർമാരായ കെ അജിത, പി ആയിഷ, ജൽത്രൂദ് ചാക്കോ, വി പി ശോശാമ്മ, ബിന്ദു പി ആർ എന്നിവർ സംസാരിച്ചു.