പേരാമ്പ്ര : കോട്ടൂർ ഗ്രാമപഞ്ചായത്ത് നരയംകുളം രണ്ടാം വാർഡ് ഉപതെരഞ്ഞെടുപ്പ് നരയംകുളം എ.യു.പി സ്‌കൂളിൽ ഇന്ന് നടക്കും. രണ്ട് ബൂത്തുകളിലായി 1150 വോട്ടർമാരാണുള്ളത്. ഇടതു മുന്നണി സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ മേപ്പാടി ശ്രീനിവാസനും യു.ഡി.എഫ് സ്വതന്ത്രനായി ചെന്നാട്ടുകുഴി സത്യനും ബി.ജെ.പി. സ്വതന്ത്രനായി ടി.പി. വിപിൻദാസുമാണ് രംഗത്തുള്ളത്. സത്യൻ വൃക്ഷം അടയാളത്തിലും വിപിൻദാസ് കുടിൽ അടയാളത്തിലുമാണ് ജനവിധി തേടുന്നത്. കഴിഞ്ഞ തവണ എൽ.ഡി.എഫ് 323 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ചെങ്ങോടുമല ക്വാറി മുതലാളിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെതുടർന്ന് നിലവിലെ മെമ്പർ ടി.കെ. രഗിൻലാൽ രാജി വെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ചെങ്ങോടുമല തന്നെയാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണ വിഷയം. സി. പി. എം ജില്ലാ സെക്രട്ടറി പി. മോഹനൻ, എം. മെഹബൂബ്, ഡി.സി.സി. പ്രസിഡൻറ് ടി. സിദ്ധീഖ്, സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർ കൺവെൻഷനിലും പൊതുയോഗത്തിലുമെത്തി ചെങ്ങോടുമല സംരക്ഷിക്കുമെന്ന് പ്രസ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ നൽകിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയാൽ ഇടത് മുന്നണിക്ക് വോട്ടു ചെയ്യാമെന്ന പ്രഖ്യാപനം പോലും യു.ഡി.എഫ് നടത്തിയിട്ടുണ്ട്. ഖനനാനുമതി നൽകിയതിന്റെ പേരിൽ എൽ.ഡി.എഫിനെ യു.ഡി.എഫും ബി. ജെ.പിയും ആക്രമിക്കുമ്പോൾ ഖനനത്തിനെതിരെ കോട്ടൂർ ഗ്രാമപഞ്ചായത്ത് സ്വീകരിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് ഇടതു മുന്നണി പ്രതിരോധിക്കുന്നത്. 15ന് കോട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നാണ് വോട്ടെണ്ണൽ.