കൽപ്പറ്റ: കൽപ്പറ്റ നഗരത്തെ മുഴുവൻ അഗ്നി വിഴുങ്ങുന്നത് ഒഴിവായത് അഗ്നിശമന സേനയുടെ വിശ്രമ രഹിതമായ പ്രവർത്തനം കൊണ്ട് മാത്രം. പ്രമുഖ വസ്ത്രാലയമായ സിന്ദൂർ ടെക്സ്റ്റൈൽസിന് തീ പിടിച്ചത് കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ്. മിനിറ്റുകൾക്കകം തന്നെ കൽപ്പറ്റ യൂണിറ്റിൽ നിന്ന് ഫയർ ഫോഴ്സുകാർ കുതിച്ചെത്തി. അപ്പോഴേക്കും മുകളിലെ അഞ്ചാം നില മുഴുവനും തീ പടർന്നു കഴിഞ്ഞിരുന്നു.മുകളിലെ നിലവരെ വെളളം പമ്പ് ചെയ്യാൻ ഏറെ പ്രയാസമായിരുന്നു. തീ തൊട്ടടുത്ത കെട്ടിടത്തിലേക്കും താഴെ നിലകളിലേക്കും പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രദ്ധിച്ചത്. തീ പടരാൻ സാദ്ധ്യതയുളളത് കൊണ്ട് ജില്ലയിലെയും പുറത്തെയും ഫയർ ഫോഴ്സ് യൂണിറ്റുകളിലേക്കും മിന്നൽ വേഗത്തിൽ സന്ദേശം പോയി. കൽപ്പറ്റക്ക് പുറമെ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട്, മുക്കം, മീഞ്ചന്ത, നരിക്കുനി,വെളളിമാട് കുന്ന് എന്നിവിടങ്ങളിൽ നിന്നായി ഇരുപതോളം യൂണിറ്റുകളാണ് മണിക്കൂറുകൾക്കുളളിൽ ചുരം കയറി കുതിച്ചെത്തിയത്.
ഫയർ ഫോഴ്സ് യൂണിറ്റുകളെ സഹായിക്കാൻ പൊലീസും കൽപ്പറ്റയിലെ തുർക്കി ജീവൻ രക്ഷാ സമിതിയും നാട്ടുകാരും എല്ലാം മറന്ന് രംഗത്തിറങ്ങി. എന്നാൽ ദേശീയ പാതയോരത്തെ കെട്ടിടമായതിനാൽ നിമിഷ നേരം കൊണ്ട് തന്നെ നഗരം ഗതാഗതകരുക്കിലുമായി. രക്ഷാ പ്രവർത്തനത്തിന് എത്തിയ വാഹനങ്ങൾ പോലും സ്ഥലത്തേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടി. തീ പിടുത്തം ഉണ്ടായതോടെ നഗരത്തിൽ വൈദ്യുതി വിതരണവും നിലച്ചു.
തോടുകളും കിണറുകളും
ഉപകാരപ്പെട്ട സമയം
എവിടെ നിന്ന് വെളളം ശേഖരിക്കുമെന്നറിയാതെ ഫയർഫോഴ്സ് യൂണിറ്റുകൾ കുഴങ്ങി. തൊട്ടടുത്ത് തന്നെയുളള തോട് ഉണ്ടായിരുന്നതുകൊണ്ട്
കുറേ വെളളം ശേഖരിക്കാൻ കഴിഞ്ഞു. ഫയർഎഞ്ചിനുകൾ സമീപത്തെ ഹോട്ടലുകളിൽ നിന്നും ചില വീടുകളിലെ കിണറുകളിൽ നിന്നും വെളളം ശേഖരിച്ചെത്തി. വാട്ടർ അതോറിട്ടിക്കാരും വേണ്ട സൗകര്യം ചെയ്തു കൊടുത്തു. മയിലാടിപ്പാറയിലേക്ക് വരെ വെളളം ശേഖരിക്കാനായി കുതിക്കുന്നത് കാണാമായിരുന്നു. ഇരുപതോളം യൂണിറ്റുകൾ പന്ത്രണ്ട് മണിക്കൂറുകളോളം തലങ്ങും വിലങ്ങും വെളളം ശേഖരിച്ച് ഒാടി വന്ന് രക്ഷാ പ്രവർത്തനം നടത്തിയ കാഴ്ച ജില്ല ഇതിന് മുമ്പൊന്നും ഉണ്ടായിട്ടില്ല.
റീജിണൽ ഫയർ ഫോഴ്സ് ഒാഫീസർ അരുൺ അൻഫോൻസ്, ജില്ലാ ഫയർ ഒാഫീസർ വിശി വിശ്വനാഥൻ, കൽപ്പറ്റ ഫയർ ഫോഴ്സ് സ്റ്റേഷൻ ഒാഫീസർ കെ. എം. ജോമി, മുക്കം സ്റ്റേഷൻ ഒാഫീസർ കെ.പി. ജയപ്രകാശ്, ബത്തേരി സ്റ്റേഷൻ ഒാഫീസർ എം.കെ. കുര്യൻ, അസി. ഒാഫീസർ ടി.പി. രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
ഹെൽമറ്റ് രക്ഷയായി
കൽപ്പറ്റ ഫയർ സ്റ്റേഷനിലെ ജോസഫ് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ രക്ഷപ്പെട്ടത് ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ. നാലാം നിലയിലേക്ക് സാഹസികമായി വെളളം പമ്പ് ചെയ്യുന്നതിനിടയിൽ വലിയ ചില്ല് ജോസഫിന്റെ തലയിൽ വീണു. വലത് കൈക്ക് പരിക്കേറ്റ ഇദ്ദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൽപ്പറ്റയിലെ തന്നെ അസി. ഫയർമാൻ പി. എം അനിലിനും രക്ഷാ പ്രവർത്തനത്തിനിടെ പരിക്കേറ്റു.
സെൽഫിത്തിരക്ക്
ഒരു വശത്ത് ജീവൻ പണയം വച്ച് രക്ഷാ പ്രവർത്തനം
മറുവശത്ത് മൊബൈലുമായി സെൽഫിക്കാരും
ജീവൻ പണയം വച്ച് പലരും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാ പ്രവർത്തനം നടത്തുമ്പോൾ മൊബൈൽ ഫോണുമായി ചിലർ രംഗത്തെത്തി അപകട ദൃശ്യം ലൈവക്കാൻ മത്സരിക്കുകയായിരുന്നു. ഇത് കാരണം രക്ഷാ പ്രവർത്തകർക്ക് പലപ്പോഴും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. നിമിഷ നേരം കൊണ്ട് സിന്ദൂരിനെ വിഴുങ്ങിയ അഗ്നി ഗോളങ്ങൾ മൊബൈൽ ഫോൺ വഴി വിദേശത്തേക്ക് വരെ എത്തി.അപകട മേഖലകളിൽ കാണിക്കേണ്ട മര്യാദകൾ പോലും പലരും മറന്നു.
കുടുംബത്തിൽ സംഭവിച്ച ദുരന്തം പോലെ...
കൽപ്പറ്റ സിന്ദൂർ ടെക്സ്റ്റൈൽസിൽ ഉണ്ടായ തീ പിടുത്തവും നാശവും സ്വന്തം കുടുംബത്തിൽ ഉണ്ടായ ദുരന്തം പോലെയാണ് വയനാട്ടുകാർക്ക് അനുഭവപ്പെട്ടത്.വയനാട്ടിലെ ജനങ്ങൾക്ക് വർഷങ്ങളുടെ ബന്ധമാണ് ഇൗ സ്ഥാപനവുമായി ഉളളത്. ചുരമിറങ്ങാതെ തന്നെ ആവശ്യമുളള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാനുളള സൗകര്യം ഇവിടെ നിന്ന് ലഭിച്ചിരുന്നു. സിന്ദൂറിന്റെ നടത്തിപ്പുകാരും സഹോദരങ്ങളുമായ ശശിയും സതീശും പ്രകാശനുമൊക്കെ ആ ബന്ധം കാത്ത് സൂക്ഷിക്കുകയും ചെയ്തു. അത് കൊണ്ടാണ് കൽപ്പറ്റയിലെ ജനങ്ങൾ മുഴുവൻ രക്ഷാ പ്രവർത്തനവുമായി സഹകരിച്ചതും. സിന്ദൂറിന് തീ പിടിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് ജില്ലയിലെ ജനങ്ങൾ ശ്രവിച്ചത്. ഇന്നലേയും ഇവിടേക്ക് നിലക്കാത്ത ജനപ്രവാഹമായിരുന്നു.കോടികൾ വില വരുന്നവസ്ത്രങ്ങൾ കത്തിക്കരിഞ്ഞ് വെളളത്തിൽ കുതിർന്ന് കിടക്കുന്ന രംഗം ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
ചങ്ക് പൊട്ടുന്നു, ഇത് ഞങ്ങളുടെ ചോറ്
സിന്ദൂർ ടെക്സ്റ്റൈൽസിൽ നൂറ്റി അറുപതോളം ജീവനക്കാരുണ്ട്. പലരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവർ.അവർക്ക് ഇൗ സ്ഥാപനം സ്വന്തം വീട് പോലെ. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവരിൽ ഏറെ പേരും ഇന്നലെ സന്ധ്യയോടെ തന്നെ കട വിട്ട് പോയിരുന്നു. അമ്പതിലേറെ ജീവനക്കാർ മാത്രമെ തീ പിടിക്കുമ്പോൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നുളളൂ.ഇവരെ സാഹസികമായാണ് കെട്ടിടത്തിന്റെ പല നിലകളിൽ നിന്നായി താഴേയ്ക്ക് എത്തിച്ചത്. വീട്ടിലെത്തിയ പലരും, സ്ത്രീകൾ ഉൾപ്പെടെ വിവരം അറിഞ്ഞയുടൻ കൽപ്പറ്റയിലേക്ക് മടങ്ങി രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
ഇന്നലെ നേരം പുലരും മുമ്പ് തന്നെ സ്ത്രീ ജീവനക്കാർ ഉൾപ്പെടെ എല്ലാവരും സ്ഥാപനത്തിലെത്തി ശുചീകരണ പ്രവർത്തനത്തിൽ സജീവമായി ഇടപെടുന്നതാണ് കണ്ടത്. ഞങ്ങളുടെ ചോറാണിത്. ഞങ്ങളെങ്ങനെ സഹിക്കുമിത്? ഒരു ജീവനക്കാരി കരഞ്ഞ് കൊണ്ട് പറഞ്ഞു.