കൽപ്പറ്റ: പനമരം ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ സ്റ്റേജ് അനധികൃതമായി പൊളിച്ചുനീക്കിയ ജില്ലാ പഞ്ചായത്ത് അംഗം പി.കെ അസ്മത്തിനും സംഭവം യഥാസമയം അധികൃതർക്ക് റിപ്പോർട്ട് ചെയ്യാതിരുന്ന പ്രധാനാദ്ധ്യാപകനുമെതിരെ നടപടി എടുക്കണമെന്ന് ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. സ്‌കൂളിലെ സ്റ്റേജ് പൊളിക്കാൻ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടില്ല. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഞായറാഴ്ച്ച കരാറുകാരനെകൊണ്ട് സ്റ്റേജ് പൊളിപ്പിച്ചത്. സ്റ്റേജ് പൊളിക്കാൻ എൻജിനിയറെകൊണ്ട് മൂല്യം നിർണയിച്ച് ക്വട്ടേഷൻ വിളിക്കണം. ഇത് പാലിച്ചിട്ടില്ല. പൊളിച്ചുമാറ്റിയ സാധനങ്ങൾ കരാറുകാരന് വിറ്റു. സ്‌കൂൾ അധികൃതരും പിടിഎയും അറിയാതെയാണ് സ്റ്റേജ് പൊളിച്ചത്.
സ്‌കൂളിന്റെ വികസനത്തിന് പിടിഎ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. വികസന പദ്ധതികൾക്കായി സംസ്ഥാന സർക്കാർ കിഫ്ബിയിൽ മൂന്ന് കോടിയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികളിലേക്ക് നീങ്ങുകയാണ്. എംഎസ്ഡിപി ഫണ്ടിൽ ഹൈസ്‌കൂളിന് 1.5 കോടിയുടെ പുതിയ ബിൽഡിങും നിർമിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തി നിർമിതി കേന്ദ്ര ഉടൻ ആരംഭിക്കും. പുതിയ സ്റ്റേജ് നിർമിക്കാനെന്ന പേരിലാണ് നിലവിലുണ്ടായിരുന്നത് പൊളിച്ചത്. ഇത് നിയമവിരുദ്ധവും കുറ്റകരവുമാണ്. സ്‌കൂളിൽ എന്ത് നിർമാണ പ്രവൃത്തി നടക്കണമെങ്കിലും പിടിഎ തീരുമാനിക്കണം.
നിയവിരുദ്ധമായി സ്റ്റേജ് പൊളിച്ചതിന്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗങ്ങളായ എ എൻ പ്രഭാകരൻ, സി ഓമന, എൻ പി കുഞ്ഞുമോൾ, ബിന്ദു മനോജ്, പി എൻ വിമല എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.