കൽപ്പറ്റ: കബനി തടത്തിലെ പ്രളയബാധിതരുടെ കൺവൻഷൻ നാളെ (16) ഉച്ചകഴിഞ്ഞ് രണ്ടിനു പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ ചേരും. വയനാട് പ്രകൃതി സംരക്ഷണ സമിതി, ബാണാസുര പ്രകൃതി സംരക്ഷണ സമിതി, ചങ്ങാതിക്കൂട്ടം വാട്ട്സാപ്പ് കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പരിസ്ഥിതി പ്രവർത്തകരായ ടി.വി. സജീവ്, എസ്.പി. രവി, സുമ വിഷ്ണുദാസ് തുടങ്ങിയവർ പ്രസംഗിക്കും.
ജില്ലയുടെ കാർഷിക സുരക്ഷയുടെയും കാർഷിക സമൃദ്ധിയുടെയും ആധാരമായ കബനിനദിയും കൈവഴികളും വൻ നാശം നേരിടുകയാണ്. അനിയന്ത്രിത ടൂറിസം, കരിങ്കൽ ഖനനം, നെൽവയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കൽ, നദീതീര കൈയേറ്റം എന്നിവ നിർബാധം തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൺവൻഷനെന്നു പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു ബാണാസുര സാഗർ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതുമൂലം ഉണ്ടായ എല്ലാ നഷ്ടങ്ങളും കെഎസ്ഇബി പരിഹരിക്കുക, കടമാൻതോട്ടിൽ വേനൽക്കാല നീരൊഴുക്കു ഉറപ്പുവരുത്തുക, പ്രളയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭത്തിനു കൺവൻഷൻ രൂപം നൽകും.