സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ 15ാം വാർഡായ മംഗലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി പത്മനാഭൻ വിജയിച്ചു. പത്മനാഭൻ പഞ്ചായത്ത് പ്രസിഡന്റാവും. എതിർ സ്ഥാനാർത്ഥി എൽ.ഡി.എഫിലെ എം.പുഷ്പവല്ലിയെ 161 വോട്ടുകൾക്കാണ് പത്മനാഭൻ പരാജയപ്പെടുത്തിയത്.
പ്രസിഡന്റ് പദവി സംവരണ അംഗത്തിനായതിനാൽ കെ.സി പത്മനാഭനായിരിക്കും പഞ്ചായത്ത് പ്രസിഡന്റ്. പത്മനാഭന് 651 ഉം, പുഷ്പവല്ലിക്ക് 490ഉം, ബിജെപി സ്ഥാനാർത്ഥി കെ.ആർ ഷിനോജ് 144 ഉം വോട്ടുകളാണ് കിട്ടിയത്.
നെന്മേനി പഞ്ചായത്ത് പ്രസിഡന്റും മംഗലം വാർഡ് മെമ്പറുമായിരുന്ന സി.ആർ കറപ്പൻ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തന്നോട് അതിക്രമം കാണിച്ചതായി ഒരു വീട്ടമ്മ നൽകിയ പരാതിയെ തുടർന്നായിരുന്നു കറപ്പന്റെ രാജി.
മത്സരിച്ച ആരും ജയിച്ചാലും പ്രസിഡന്റാകുമെന്നതിനാൽ നിർണ്ണായകവും വാശിയേറിയതുമായിരുന്നു ഉപതിരഞ്ഞെടുപ്പ്.
എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന പഞ്ചായത്താണ് നെന്മേനി. എന്നാൽ പ്രസിഡന്റ് സ്ഥാനം പട്ടിക ജാതിക്കാർക്കായി സംവരണം ചെയ്തതാണ്. സി.പി.എമ്മിലെ സി.ആർ.കറപ്പനായിരുന്നു പഞ്ചായത്തിലെ ഏക എസ്.സി. അംഗം.
23 അംഗ ഭരണസമിതിയിൽ നിലവിൽ എൽ.ഡി.എഫിന് 14 ഉം യു.ഡി.എഫിന് 8 ഉം അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മംഗലം വാർഡിൽ 57 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് വിജയിച്ചത്.
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ വാർഡിലെ ആകെയുള്ള 1554 വോട്ടർമാരിൽ 1288 പേർ വോട്ടു ചെയ്തു.