മാനന്തവാടി: ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പാള, തെങ്ങിൻ മടൽ, തെങ്ങിൻ പൂക്കുല തുടങ്ങിയവയിൽ നിന്ന് വിരിയുന്നത് മനോഹര പുഷ്പങ്ങൾ. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ വനിതാ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്കുവേണ്ടി സംഘടിപ്പിച്ച ഡ്രൈ ഫ്ളവർ മേക്കിങ് പരിശീലനത്തിലാണ് പാഴ്‌വസ്തുക്കൾ പുഷ്പങ്ങളായി മാറുന്നത്. വയനാട്ടിൽ സുലഭമായി ലഭിക്കുന്ന പാള, തെങ്ങിന്റെ ഭാഗങ്ങൾ, മുള തുടങ്ങിയവ ഉപയോഗിച്ച് വൈവിധ്യങ്ങളായ ഡ്രൈ ഫ്ളവേഴ്സ് ആണ് പരിശീലനത്തിലൂടെ നിർമ്മിക്കുന്നത്. പരിസ്ഥിതിക്ക് വെല്ലുവിളി ഉയർത്തുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിച്ച് ആകർഷകമായ പൂക്കൾ നിർമ്മിക്കുവാൻ സാധിക്കും.

വയനാട്ടിലെ ടൂറിസം സാദ്ധ്യത കണക്കിലെടുത്ത് വനിതകൾക്ക് വേഗത്തിൽ തുടങ്ങാൻ സാധിക്കുന്നതും, വരുമാനം ഉണ്ടാക്കുവാൻ സാധിക്കുന്നതുമാണ് ഈ സ്വയം തൊഴിൽ സംരംഭമെന്ന് സംഘാടകർ പറയുന്നു. ജില്ലയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട 30 വനിതകളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

പരിശീലനം മാനന്തവാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ അസ്സോസിയേറ്റ് ഡയറക്ടർ ഫാദർ ജിനോജ് പാലത്തടത്തിലിന്റെ അദ്ധ്യക്ഷതയിൽ മാനന്തവാടി മുനിസിപ്പൽ കൗൺസിലർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ പി.എ.ജോസ്, കോ ഓർഡിനേറ്റർ ജാൻസി ജിജോ, ഏലിയാമ്മ എന്നിവർ സംസാരിച്ചു. പരിശീലനത്തിന് ലിജി സാജു, ജോസ്ന സാജു എന്നിവർ നേതൃത്വം നൽകി.