സുൽത്താൻ ബത്തേരി: നഞ്ചൻകോട്-നിലമ്പൂർ റയിൽപാതയ്ക്ക് ലഭ്യമായ അനുമതികളും ഫണ്ടും തലശ്ശേരി പാതയ്ക്കുവേണ്ടി വകമാറ്റി നഞ്ചൻകോട്-നിലമ്പൂർ പാത അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കെതിരെ നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മറ്റി സമരം ആരംഭിക്കുന്നു. ഇന്ന് (ശനി) കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് വൈകീട്ട് 5 മണി മുതൽ സായാഹ്നധർണ്ണ നടത്തും.

കേന്ദ്ര സർക്കാർ നിർമ്മാണാനുമതി നൽകി പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും 3000 കോടി രൂപയുടെ കേന്ദ്രവിഹിതം പ്രഖ്യാപിക്കുകയും സംസ്ഥാന സർക്കാർ ചെലവിന്റെ പകുതി നൽകാമെന്ന് തീരുമാനിക്കുകയും കേന്ദ്ര സർക്കാരും കേരള സർക്കാരും പ്രത്യേക കമ്പനി രൂപീകരിച്ച് നടപ്പാക്കാനായി കരാർ ഒപ്പിടുകയും ചെയ്തശേഷം ഡി.പി.ആർ തയ്യാറാക്കാനായി ഡോ:ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി യെ 8 കോടി രൂപ അനുവദിച്ച് ചുമതലപ്പെടുത്തുകയും വനത്തിൽ ടണലുകളിലൂടെ കടന്നുപോകാൻ സർവ്വേ നടത്താൻ തടസ്സമില്ല എന്ന് കർണ്ണാടക സർക്കാർ രേഖാമൂലം അറിയിക്കുകയും ചെയ്ത, നിലമ്പൂർ റെയിൽപാത കണ്ണൂർ ജില്ലയുടെ പ്രാദേശിക താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി അട്ടിമറിക്കുകയാണെന്ന് ആക്ഷൻ കമ്മറ്റി കുറ്റപ്പെടുത്തി.
2017 ൽ കൽപ്പറ്റയിൽ വെച്ച് ഡോ:ഇ.ശ്രീധരനും ജനപ്രതിനിധികളും പങ്കെടുത്ത അവലോകന യോഗത്തിലും പിന്നീട് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വിളിച്ചുചേർത്ത ജനകീയ കൺവെൻഷനിലും പരിഗണനയിൽ ഇല്ലാതിരുന്ന, കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകളിലോ ഉൾപ്പെടാതിരുന്ന തലശ്ശേരി-മൈസൂർ റയിൽപാതയാണ് ഇപ്പോൾ മുന്നോട്ടു കൊണ്ടുവന്നിരിക്കുന്നത്.

റെയിൽപാതക്കു വേണ്ടി വയനാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കുകയും വിഭജിപ്പിക്കുകയും ചെയ്യുകയാണ് കണ്ണൂർ ജില്ല കേന്ദ്രീകരിച്ച ഈ ലോബി.
വയനാട്ടിലെ ജനങ്ങൾ നടത്തുന്ന ചെറുത്തു നിൽപ്പുകൊണ്ട് മാത്രമാണ് ഈ പാത പൂർണ്ണമായും അട്ടിമറിക്കാൻ സാധിക്കാത്തത്.

തലശ്ശേരി-മൈസൂർ പാതയ്ക്കു വേണ്ടി 18 കോടി രൂപ മുടക്കിയാണ് കുടകു വഴി സർവ്വേ നടത്തിയത്. എന്നാൽ കർണ്ണാടകയിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് അത് ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ കബനീനദിക്കടിയിലൂടെ 11 കി.മീ.ലധികം തുരങ്കം നിർമ്മിച്ച് പാത നിർമ്മിക്കാനുള്ള സാധ്യതാപഠനത്തിന് ഫണ്ട് അനുവദിച്ചിരിക്കുകയാണ്. ഇതിനെതിരേയും കർണ്ണാടകയിൽ പ്രതിഷേധം ശക്തമാണ്. രണ്ട് പാതകളും യോജിപ്പിച്ച് ഒരു പാതയായി നിർമ്മിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഫലത്തിൽ രണ്ടു പാതകളും ഇല്ലാതാവും.

ഇ.ശ്രീധരന്റെ നേതൃത്വത്തിൽ ഡി.എം.ആർ.സി തുടങ്ങിവെച്ച സർവ്വേ നടപടികൾ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുകയാണ് കേരള സർക്കാർ ചെയ്യേണ്ടത്. ഈ ആവശ്യമുന്നയിച്ചാണ് ധർണ്ണ നടത്തുന്നത്.

പത്രസമ്മേളനത്തിൽ അഡ്വ:ടി.എം.റഷീദ്, അഡ്വ:പിവേണുഗോപാൽ, ജോണി പാറ്റാനി, പി.പി.ഷൈജൽ, പി.വൈ.മത്തായി, മോഹൻ നവരംഗ്, ജോസ് കപ്യാർമല, വിനയകുമാർ അഴിപ്പുറത്ത് തുടങ്ങിയവർ പങ്കെടുത്തു.