കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി വിജയക്കൊടി പാറിക്കാൻ കോൺഗ്രസ് ഒരു വനിതയെ നിയോഗിക്കുമോ? സ്ഥാനാർത്ഥിയായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാന്റെ പേരിന് മുൻതൂക്കമുണ്ടെന്ന സൂചനകൾ പ്രചരിക്കവെയാണ് ഈ ചോദ്യമുയരുന്നത്. വയനാട് ലോക്സഭാ മണ്ഡലം നിലവിൽ വന്നതിന് ശേഷം നടക്കുന്ന മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്. കഴിഞ്ഞ രണ്ട് തവണയും വയനാടിനെ പ്രതിനിധീകരിച്ചത് എം.ഐ ഷാനവാസായിരുന്നു. രണ്ടാമത്തെ ടേമിൽ അഞ്ച് വർഷം പൂർത്തീകരിക്കുന്നതിന് ഏതാനും മാസം മുമ്പ് അദ്ദേഹം ഏവരെയും വിട്ടുപിരിഞ്ഞു.
യു.ഡി.എഫിന്റെ കോട്ട എന്ന് വിലയിരുത്തുന്ന മണ്ഡലമാണിത്. അതിനാൽ, ഇവിടെ ഒരു കൈ നോക്കാൻ സംസ്ഥാന നേതാക്കൾ മുതൽ ജില്ലയിലെ പ്രാദേശിക നേതാക്കൾവരെ കച്ച മുറുക്കുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മത്സരിക്കാനെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഷാനിമോളെ കൂടാതെ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ എം.എം. ഹസൻ എന്നിവരുടെ പേരുകളും പറഞ്ഞുകേൾക്കുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി.സിദ്ദിഖ്, വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ കെ.സി. റോസക്കുട്ടി, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.അബ്ദുൾ മജീദ് ,എം.ഐ ഷാനവാസിന്റെ മകൾ അമീന ഷാനവാസ് എന്നിവരുടെ പേരുകളും പ്രചരിക്കുന്നുണ്ട്. അതേസമയം, മണ്ഡലത്തിലെ ഒരാൾ തന്നെ മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.
എം.ഐ ഷാനവാസ് ആദ്യ തവണ 1,53,439 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലത്തിൽ രണ്ടാംതവണ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞത് പാർട്ടിയെ അലട്ടുന്നുണ്ട്. അതിനാൽ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് മണ്ഡലം നിലനിറുത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഇവിടെ ഷാനിമോൾ ഉസ്മാന്റെ പേര് ഉയർന്നുവന്നെങ്കിലും പിന്നീട് തഴയപ്പെടുകയായിരുന്നു. 2009ൽ ഷാനിമോൾക്കായി കാസർകോട് സീറ്റാണ് നേതൃത്വം നല്കിയത്. എന്നാൽ കാസർകോട് മത്സരിച്ച് പരാജയപ്പെടാൻ തയ്യാറല്ലെന്ന നിലപാടെടുത്തതോടെ അവർക്കുപകരം കൊല്ലത്തുനിന്നും ഷാഹിദ കമാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കാസർകോട്ടെത്തി. പിന്നീട് സി.പി.എമ്മിലെത്തിയ ഷാഹിദ കമാൽ ഇപ്പോൾ വനിതാ കമ്മിഷൻ അംഗമാണ്.
പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശത്തോടെ ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതകളുടെ പ്രാതിനിധ്യം കൂടുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ വനിതാ നേതാക്കൾ.