bala

കോഴിക്കോട് : മലബാറിൽ എസ്.എൻ.ഡി.പി യോഗം പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചവരിൽ പ്രമുഖനായ പെന്നപുറത്ത് ബാലകൃഷ്ണൻ (80) നിര്യാതനായി. കോഴിക്കോട് എസ്.എൻ.ഡി.പി യൂണിയൻ മുൻ സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും യോഗം കൗൺസിലറുമാണ്. പരേതനായ പെന്നപുറത്ത് ഇമ്പിച്ചി-മാധവി ദമ്പതികളുടെ മകനാണ്.

ഭാര്യ : രത്നാവതി. മക്കൾ : ഭവിഷ്, ബിദോഷ്, ബിജ്‌ലി. മരുമക്കൾ : പ്രമോദ്, അനു. സഹോദരങ്ങൾ: ഭാരതി, ശുഭാദേവി, പരേതരായ പെന്നപുറത്ത് അശോകൻ, നടരാജൻ. സംസ്‌കാരം ഇന്നലെ രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടന്നു.

ജില്ലയിൽ എസ്.എൻ.ഡി.പി യോഗം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ പെന്നപുറത്ത് ബാലകൃഷ്ണന്റെ നിര്യാണം ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വെള്ളാപ്പള്ളിക്ക് വേണ്ടി കോഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ് മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അനുസ്‌മരണ പ്രസംഗം നടത്തി. യൂണിയൻ പ്രസിഡന്റ് ടി. ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി. സുധീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ വി.പി. അശോകൻ, കെ. ബിനുകുമാർ, വി. സുരേന്ദ്രൻ, ജഗത് മയൻ ചന്ദ്രപുരി, എൻ. പ്രകാശൻ, പുഷ്പൻ ഉപ്പുങ്ങൽ, അഡ്വ. എം. രാജൻ, രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.