vasanthakumar

കൽപ്പറ്റ: മകന് അമൃതദീപെന്ന് പേര് നൽകിയ ഇന്ത്യയുടെ ധീര ജവാൻ വി.വി. വസന്തകുമാറിന്റെ ഭൗതികശരീരം പതിനായിരങ്ങളുടെ അശ്രുപൂജയോടെ വയാനാടിന്റെ മണ്ണിൽ ലയിച്ചുചേർന്നു.

വീടിന്റെ കാവലല്ല രാജ്യത്തിന്റെ കാവലാണ് പ്രധാനമെന്ന് തീരുമാനിച്ച്‌ സൈനികനായ വസന്തകുമാറിന് അന്ത്യോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് വഴിയോരങ്ങളിലും പൊതുദർശനത്തിനുവച്ച ലക്കിടി സ്കൂളിലും തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലും തടിച്ചുകൂടിയത്. ഇന്നലെ രാത്രി മുക്കംകുന്ന് കുടുംബ ശ്മശാനത്തിലായിരുന്നു സൈനിക ബഹുമതികളോടെ സംസ്കാരം നടന്നത്. ജമ്മു കാശ്മീരിലെ പുൽവാമയിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച പ്രിയങ്കരനായ ധീരയോദ്ധാവിന് അശ്രുപൂജ അർപ്പിക്കാൻ അവിടെയും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഏതാനും ദിവസത്തെ അവധിക്കായി വയനാട്ടിലെത്തി കഴിഞ്ഞ എട്ടാം തീയതി ചിരിച്ചുകൊണ്ട് അതിർത്തിയിലേക്ക് തിരിച്ചുപോയ വയനാടിന്റെ മകൻ ജ്വലിക്കുന്ന ഓർമ്മയായപ്പോൾ ഏവരുടെയും മനസിൽ വസന്തകുമാറിന്റെ തീരാനഷ്ടം പേറുന്ന കുടുംബവും വിങ്ങലോടെ തെളിഞ്ഞുനിന്നു. അമൃതദീപ് എന്ന പേര് ഇപ്പോൾ യു.കെ.ജി വിദ്യാർത്ഥിയായ മകന് ചാർത്തിയ വസന്തകുമാർ ഉളളിന്റെ ഉളളിൽ എല്ലാം നേരത്തേ കണ്ടിരുന്നപോലെ.

കരിപ്പൂർ എയർപോർട്ടിൽ ഉച്ചയ്ക്ക്‌ രണ്ട് മണിയോടെ എത്തിയ ഭൗതികദേഹം 2.50നാണ് വയനാട്ടിലേക്ക് കൊണ്ടുപോയത്. വസന്തകുമാർ നാലാംക്ലാസുവരെ പഠിച്ച ലക്കിടി സ്കൂളിലെ പൊതുദർശനം 35 മിനിട്ടുകൊണ്ട് പൂർത്തിയാക്കി രാത്രി 7.20 ഒാടെ മൃതദേഹം ശവസംസ്കാര ചടങ്ങുകൾക്കായി തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ വളരെ പ്രയാസപ്പെട്ടാണ് ജനപ്രവാഹത്തെ നിയന്ത്രിച്ച് പൊതുദർശനം പൂർത്തിയാക്കിയത്. മണിക്കൂറുകൾ കഴിഞ്ഞാലും തീരാത്ത തരത്തിൽ ജനങ്ങൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. ധീരപുത്രന്റെ ഭൗതികശരീരം ഒരുനോക്ക് കാണാനാകാതെയാണ് പലരും മടങ്ങിയത്. പലരും കണ്ണീർപൊഴിച്ചു. ചിലർക്ക് വാക്കുകൾ ഇടറി. സ്വന്തം വീട്ടിലെ ഒരു അംഗം എന്നന്നേക്കുമായി നഷ്ടപ്പെട്ടപോലെയായിരുന്നു എല്ലാവർക്കും.