കൽപ്പറ്റ: സഭയെ ആക്രമിക്കാൻ എന്തും ആയുധമാക്കുന്നവരുടെ മുഖത്തേറ്റ അടിയാണ് കൊട്ടിയൂർ പീഡനക്കേസിലെ വിധിയെന്നു ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ ചെയർമാൻ സാലു ഏബ്രഹാം പറഞ്ഞു. വ്യക്തി ചെയ്ത കുറ്റത്തിന്റെ കറ സഭയുടെയും സഭാശുശ്രൂഷകരുടെയും മേൽ കെട്ടിവയ്ക്കാനുള്ള സഭാവിരുദ്ധരുടെ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണ് കോടതി വിധി.
കേരളത്തിലെ പ്രമുഖ ചാനലുകളും അച്ചടി മാധ്യമങ്ങളും ഒരു വ്യക്തി ചെയ്ത തെറ്റിന്റെ പേരിൽ ഒരു മത വിഭാഗത്തെയും പുരോഹിതരെയും അടച്ചാക്ഷേപിക്കുന്ന നിലപാടാണ് കൊട്ടിയൂർ വിഷയത്തിൽ സ്വീകരിച്ചത്. ചാനൽ ചർച്ചകളിൽ സഭയുമായി ബന്ധപ്പെട്ടും സർക്കാരിന്റെ ഔദ്യോഗിക പദവികൾ വഹിക്കുന്ന പുരോഹിതരെയും സന്യസ്തരെയും ബന്ധിപ്പിച്ച് പ്രചരിപ്പിച്ച ഗുഢാലോചനാ സിദ്ധാന്തം വിധിയിലൂടെ കോടതി തള്ളി. തെറ്റു ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന സാമാന്യതത്വം കൊട്ടിയൂർ വിഷയത്തിൽ സഭ മുറുകെ പിടിച്ചിട്ടുണ്ട്. അന്വേഷണ സംവിധാനങ്ങളുമായി പരമാവധി സഹകരിക്കുകയാണ് സഭ ചെയ്തത്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പാലിക്കേണ്ട നിതാന്ത ജാഗ്രതയെ ഈ വിധി ഓർമപ്പെടുത്തുന്നുവെന്ന് സാലു ഏബ്രഹാം പറഞ്ഞു.