കൽപ്പറ്റ: കർണാടക കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസിന് 22ന് കൊടിയേറുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെയും സമൂഹ വിവാഹത്തിന്റെയും ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കും. മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ മാട്ടൂൽ നേതൃത്വം നൽകും. 22 മുതൽ 28 വരെ മതപ്രഭാഷണങ്ങൾ നടക്കും. 25ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കോഴിക്കോട് ഖാസി നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കർണാടക മന്ത്രിമാരായ സറാ മഹേഷ്, യു.ടി ഖാദർ, എം.എൽ.എമാരായ കെ.ജി ബൊപ്പയ്യ, എൻ ഹാരിസ്, എന്നിവർ പങ്കെടുക്കും. അന്ന് വൈകിട്ട് നാലു മുതൽ ആറുവരെ അന്നദാനം നടക്കും. 27ന് നടക്കുന്ന ദുആ മജ്ലിസിന് ഉള്ളാൾ സയ്യിദ് ഫസൽ കോയമ്മ തങ്ങളും 28ന് നടക്കുന്ന നാരിയ മജ്ലിസിന് സയ്യിദ് അബ്ദുറഹ്മാൻ ദാരിമിയും നേതൃത്വം നൽകും. മാർച്ച് ഒന്നിന് നടക്കുന്ന സമാപന സമ്മേളനം ബേക്കൽ ഇബ്രാഹിം മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ കുഞ്ഞിക്കോയ തങ്ങൾ, സി.എം മുഹമ്മദ് മുസ്ലിയാർ, പി.സി ജലീൽ സഖാഫി, എൻ.എം അഷ്റഫ് എന്നിവർ പങ്കെടുത്തു.