മാനന്തവാടി: കൊട്ടിയൂർ കേസിലെ വിധിയെ മാനന്തവാടി രൂപത സ്വാഗതം ചെയ്തു. അധാർമ്മികമെന്ന് പൊതുമനസാക്ഷിയോടൊപ്പം സഭയും വിലയിരുത്തിയ കുറ്റകൃത്യത്തിൽ ചൂഷണവിധേയായ കുട്ടിയോടൊപ്പം തന്നെയാണ് സഭ നിലപാടെടുക്കുന്നതെന്ന് രൂപത പത്രക്കുറിപ്പിൽ അറിയിച്ചു. കോടതി കുറ്റക്കാരനായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്ത വൈദികൻ കുറ്റം ചെയ്തു എന്ന് അറിഞ്ഞ ഉടനെ തന്നെ അദ്ദേഹത്തെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും രൂപത നീക്കുകയും പൗരോഹിത്യകടമകളിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. സഭാപരമായ നടപടികൾ നിയമാനുസൃതം പൂർത്തിയാക്കും.
സഭയിലും പൊതുസമൂഹത്തിലും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കാനും അവയെക്കുറിച്ച് ബോധവത്കരണം നടത്താനും സഭയും പ്രതിജ്ഞാബദ്ധമാണ്. പൊതുജീവിതം നയിക്കുന്നവർക്കും മറ്റെല്ലാവർക്കും ഈ വിധി പ്രേരണയായിത്തീരണം.
ഈ കേസുമായി ബന്ധപ്പെട്ട് സമർപ്പിത വൈദികജീവിതം നയിക്കുന്നവരെ ഗൂഢാലോചനാകുറ്റം ആരോപിച്ച് പൊതുസമൂഹത്തിനു മുമ്പിൽ തേജോവധം ചെയ്ത മാധ്യമവിചാരണ അതിരുകടന്നതായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

വയനാട് ശിശുക്ഷേമസമിതിയുടെ ചെയർമാനായിരുന്ന ഫാ. തോമസ് ജോസഫ് തേരകത്തെയും അംഗമായിരുന്ന സി. ബെറ്റി ജോസിനേയും ശരിയായ അന്വേഷണം നടത്താതെയും അവർക്ക് അർഹമായിരുന്ന നിയമപരിരക്ഷ നല്കാതെയും ശിശുക്ഷേമസമിതി പിരിച്ചുവിട്ടത് സ്വാഭാവികനീതിയുടെ നിഷേധമായിരുന്നുവെന്നും രൂപത വിലയിരുത്തി.