കൽപറ്റ: അടയ്ക്ക വിളവെടുപ്പിലേർപ്പെട്ട 3 ബാല തൊഴിലാളികളെ ചൈൽഡ്‌ലൈൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മോചിപ്പിച്ചു. പുറ്റനാൽ വീട്ടിൽ ജോണി എന്നയാളുടെ തോട്ടത്തിൽ നിന്നാണ് 12നും, 15നു മിടയിൽ പ്രായമുളള കുട്ടികളെ മോചിപ്പിച്ചത്. ഇവർ നിലവിൽ ബത്തേരിക്കടുത്ത ഒരു വിദ്യാലയത്തിൽ പഠിക്കുന്നവരും കഴിഞ്ഞ വർഷങ്ങളിൽ വിദ്യാലയത്തിൽ നിന്ന് പഠനം നിർത്തി പോയവരുമാണ്.
150 രൂപ മുതൽ 500 രൂപ വരെ കൂലി നല്കാമെന്നു പറഞ്ഞിരുന്നെങ്കിലും മുഴുവനും നല്കാറില്ലെന്ന് കുട്ടികൾ പറയുന്നു.
കുട്ടികളെ താല്കാലിക ഷെൽട്ടറിലേക്കു മാറ്റുകയും നിയമനടപടികൾ സ്വീരിക്കുന്നതിനായി പൊലീസിനും, ലേബർ വകുപ്പിനും റിപ്പോർട്ട് നൽകുകയും ചെയ്തു. വിളവെടുപ്പ് സീസണയായതോടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കുട്ടികളെ ജോലി ചെയ്യിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. കുട്ടികളെ ജോലിയെടുപ്പിക്കുന്നത് വിവിധ നിയമങ്ങൾ പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചൈൽഡ്‌ലൈൻ ടോൾ ഫ്രീ നമ്പറായ 1098ലോ, ലേബർ ഓഫീസുകളിലോ റിപ്പോർട്ട് ചെയ്യണമെന്ന് ചൈൽഡ്‌ലൈൻ ഡയറക്ടർ സി.കെ ദിനേശൻ, കോ-ഓഡിനേറ്റർ മജേഷ് രാമൻ എന്നിവർ അറിയിച്ചു. കുട്ടികളെ മോചിപ്പിക്കുന്നതിന് ലില്ലി തോമസ്, കെ.അഭിഷേക്, പി.വി.സതീഷ്‌കുമാർ, എ.ടി.ഷിനി എന്നിവർ നേതൃത്വം നൽകി.