കൽപ്പറ്റ: രാത്രി എട്ടരയോടെ തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടിൽ എത്തിച്ച ഭൗതികശരീരം സമുദായ ആചാര പ്രകാരം ദൈവപ്പുരയിൽ കിടത്തി കർമ്മങ്ങൾ നടത്തി. ഭൗതീക ശരീരത്തിൽ ബന്ധുക്കൾ വെളളം തളിച്ച് അന്ത്യാഞ്ജലി അർപ്പിച്ചു. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം, സംസ്ഥാന മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പളളി, എം.എൽ.എമാരായ സി.കെ.ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. അച്ഛന്റെ വീടായ വാഴക്കണ്ടി തറവാട്ടിലും നൂറ് കണക്കിന് ആളുകൾ എത്തിയിരുന്നു. ഇതിനുശേഷമാണ് അടുത്തുളള കുടുംബ ശ്മശാനത്തിൽ സി. ആർ.പി. എഫിന്റെയും കേരള പൊലീസിന്റെയും ഒൗദ്യോഗിക ബഹുമതികളോടെ മൃതദേഹം അടക്കംചെയ്തത്.