മാനന്തവാടി: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽപരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ ദീപ്തിഗിരി ക്ഷീരോത്പാദകസഹകരണസംഘം ഭരണസമിതി വരൾച്ച പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് മാനന്തവാടി പുഴയ്ക്ക് കുറുകെ രണ്ട് തടയണകൾ നിർമ്മിച്ചു. ദീപ്തിഗിരി ക്ഷീരസംഘം പരിധിയിലെ കൊല്ലൻകടവിലും പള്ളിയറ മരങ്ങാട്ടുകടവിലുമാണ് ക്ഷീരകർഷകർ, പ്രദേശവാസികൾ, കണ്ണൂർ യൂണിവേഴ്സിറ്റി ബി എഡ് കോളേജ് വിദ്യാർഥികൾ തുടങ്ങി അഞ്ഞൂറോളം പേർ ചേർന്ന് നാല്‍പത്തി രണ്ട് മീറ്റർ നീളത്തിലും, ഒന്നര മീറ്റർ ഉയരത്തിലുള്ള തടയണകൾ നിർമ്മിച്ചത്. രണ്ടു തടയണകൾക്കുമായി രണ്ടായിരം മണൽചാക്കുകൾ വേണ്ടി വന്നു. മുന്നൂറോളം കുടുംബങ്ങൾക്കും എള്ളുമന്ദം ശുദ്ധജല വിതരണ പദ്ധതിക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ദീപ്തിഗിരി ക്ഷീരസംഘത്തിലെ പ്രളയദുരിത ബാധിതരായ മുന്നൂറ്റിയമ്പത് ക്ഷീര കർഷകർക്ക്, സന്നദ്ധ സംഘടനയായ ഗൂഞ്ചിന്റെ സഹകരണത്തോടെ പത്ത് ലിറ്റർ സംഭരണ ശേഷിയുള്ള സ്റ്റെയിൻലസ്സ് സ്റ്റീൽ പാൽപ്പാത്രങ്ങൾ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ വിതരണം ചെയ്തു. ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഗൂഞ്ച് പ്രോജക്ട് മാനേജർ ശ്രീധർ ശർമ പദ്ധതി വിശദീകരിച്ചു. മാനന്തവാടി ക്ഷീരവികസന ഓഫീസർ ഇ.എം. പത്മനാഭൻ, മിൽമ സൂപ്പർവൈസർ ഷിജൊ മാത്യു തോമസ്,ബി. എഡ് കോളേജ് ഡയറക്ടർ സജിത്. എ, പി. കെ. ജയപ്രകാശ്, പി. പി. രാജഗോപാൽ, തലച്ചിറ അബ്രഹാം, സേവ്യർ ചിറ്റുപ്പറമ്പിൽ, നിർമല മാത്യു, സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, ഷജില ചേർക്കോട്, ഷൈജു പി. വി എന്നിവർ പ്രസംഗിച്ചു.